കുവൈത്ത് സി.ഐ.ഡി വകുപ്പിൽ നിന്ന് വിദേശികളെ പിരിച്ചുവിടുന്നു
കുവൈത്ത് സിറ്റി : സ്വദേശിവത്കരണത്തോടൊപ്പം കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെയും പിരിച്ചു വിടുന്നതായി റിപ്പോർട്ട്. അടുത്ത വർഷം ആദ്യപാദത്തോടെ വകുപ്പിലെ സ്വദേശികളുടെ എണ്ണം 98 ശതമാനമാക്കാനാണ് പദ്ധതി.
ഇന്റർപോളിന്റെ ഡാറ്റാബേസ് താമസകാര്യ വകുപ്പുമായും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിസ മാനേജ്മെന്റുമായും ബന്ധിപ്പിക്കുമെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി മുഹമ്മദ് അൽ ഹർഷൻ വ്യക്തമാക്കി. പിടികിട്ടാപ്പുള്ളികൾ വ്യാജ പാസ്പോർട്ടുകളിൽ രാജ്യത്തിനകത്ത് പ്രവേശിക്കുന്നത് തടയാനാണ് ഇന്റർപോൾ ഡാറ്റാബേസ് ബന്ധിപ്പിക്കുന്നത്.
കുറ്റസമ്മതത്തിന് വേണ്ടി പ്രതികളെ മർദ്ദിക്കുന്ന അവസ്ഥ രാജ്യത്ത് ഇല്ലെന്ന് പറഞ്ഞ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി പരിചയസന്പന്നരും വിദഗ്ദ്ധരുമായ അന്വേഷണ ഉദ്യേഗസ്ഥർക്ക് നിയമപരമായ വഴികളിലൂടെ തന്നെ കുറ്റം തെളിയിക്കാൻ കഴിയുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

