അപകടത്തിൽ മരിച്ച നാല് വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു
മനാമ : വ്യാഴാഴ്ച വീടിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ സ്കൂൾ എൽകെജി വിദ്യാർത്ഥി ആര്യൻ അരവിന്ദ് കുശ്വാഹാ കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. അൽബയിലെ ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് 3 മണിക്കാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. അപകടത്തിന് കാരണക്കാരനായ അനധികൃത ടാക്സി ഡ്രൈവർക്കെതിരെ അര്യന്റെ പിതാവ് അരവിന്ദ് കുശ്വാഹാ കുമാർ പോലിസിൽ പരാതിനൽകിയിട്ടുണ്ട്.
കെട്ടിടത്തിന്റെ പരസിരത്ത് കളിക്കുകയായിരുന്ന ആര്യന്റെ നേർക്ക് ടാക്സി അതിവേഗത്തിൽ പാഞ്ഞടുക്കുകയും ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. അപകടത്തെ തുടർന്ന്, കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഡ്രൈവർ മുൻകൈ എടുത്തില്ലെന്നും, തന്റെ സുഹൃത്തുക്കളാണ് കുട്ടിയെ ബി.ഡി.എഫ് ആശുപത്രിയിൽ എത്തിച്ചതെന്നും അരവിന്ദ് കുശ്വാഹാ കുമാർ പറഞ്ഞു.

