ആർ.ബി.സി അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിൽ; ജി.എസ്.ടി നടപടികൾ ശക്തം


ശാരിക

കാഞ്ഞങ്ങാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർ.ബി.സി) ബാങ്ക് അക്കൗണ്ടുകളിലെത്തിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തെക്കുറിച്ച് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നു. മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് അയച്ച 126 കോടി രൂപയുടെ നികുതിവെട്ടിച്ചെന്ന ആരോപണത്തിൽ സമൻസ് നൽകിയതിന് പിന്നാലെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.

2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 549.22 കോടി രൂപയാണ് ആർ.ബി.സിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത്. ഇതിൽ ഗോകുലം ചിറ്റ്‌സിൽ നിന്നുള്ള 137.75 കോടിയും ഹിന്ദുജ ഫിനാൻസ് നൽകിയ 75 കോടിയും ഉൾപ്പെടുന്നു. ഈ 212.75 കോടി രൂപ കഴിച്ചുള്ള ബാക്കി 336.47 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ചാണ് ജി.എസ്.ടി തിരുവനന്തപുരം ജോയിന്റ് കമീഷണറുടെ മേൽനോട്ടത്തിൽ കൊല്ലം യൂണിറ്റ് അന്വേഷിക്കുന്നത്.

എസ്.ബി.ഐ കാക്കനാട് ശാഖയിലെ അക്കൗണ്ടിൽ മാത്രം രണ്ട് വർഷത്തിനിടെ 436 കോടി രൂപ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് കളമശ്ശേരി ശാഖകളിലെ അക്കൗണ്ടുകളിൽ 111.80 കോടി രൂപയുമെത്തി. ഈ തുക മുഴുവൻ അതതു സമയത്ത് തന്നെ പിൻവലിച്ചിട്ടുമുണ്ട്. വ്യവസായി ഗോകുലം ഗോപാലൻ ജാമ്യക്കാരനായ ശേഷമാണ് ഹിന്ദുജ ഫിനാൻസിൽ നിന്ന് 75 കോടി രൂപ വായ്പയെടുത്തത്. വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ എടുത്ത ഈ തുക മുഴുവൻ ആർ.ബി.സിയുടെ ഒറ്റ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഹിന്ദുജ ഫിനാൻസ് പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) അറിയിച്ചു.

അതേസമയം, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 25.78 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി എസ്.ഐ.ടി കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്പോൺസർഷിപ്പിനായി നൽകിയ 126.04 കോടി രൂപയ്ക്ക് നൽകേണ്ട 22.69 കോടി രൂപയുടെ ഐ.ജി.എസ്.ടി അടച്ചിട്ടില്ല. വിദേശ നിയമ ഫീസുകളുമായി ബന്ധപ്പെട്ട് 34.15 ലക്ഷത്തിന്റെ നികുതിവെട്ടിപ്പും നടന്നിട്ടുണ്ട്.

കൂടാതെ, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് 2.75 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവായെന്ന് ആർ.ബി.സി അവകാശപ്പെടുമ്പോൾ, ജി.സി.ഡി.എ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്.

അക്കൗണ്ടുകളിലെത്തിയ തുകയിൽ ജി.എസ്.ടി റിട്ടേണിൽ വെളിപ്പെടുത്തിയത് 102.06 കോടി രൂപ മാത്രമാണ്. ബാക്കി 234.31 കോടി രൂപയ്ക്ക് യാതൊരു കണക്കുമില്ല. മുൻപ് അന്വേഷണം തടസ്സപ്പെടുത്താൻ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതും കാലതാമസത്തിന് കാരണമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

 

article-image

zxcfzc

You might also like

  • Lulu Exchange
  • Straight Forward

Most Viewed