സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ധനസമാഹരണത്തെ ബാധിച്ചു; അടിയന്തര നടപടിക്കൊരുങ്ങി ജനകീയ കമ്മിറ്റി
ശാരിക
കോഴിക്കോട്: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണം പൂർത്തിയായെന്ന രീതിയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതിനെതിരെ സഹായ സമിതി നിയമ നടപടിക്കൊരുങ്ങുന്നു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ ലഭിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ ശബ്ദസന്ദേശം പ്രചരിച്ചത്.
പ്രതിദിനം ഒരു കോടി രൂപ ലക്ഷ്യമിട്ട് ഫണ്ട് സമാഹരണം പുരോഗമിക്കുന്നതിനിടെയാണ് ഈ വ്യാജ പ്രചാരണം എത്തിയത്. സന്ദേശം പുറത്തുവന്നതോടെ ചികിത്സാ സഹായ നിധിയിലേക്കുള്ള തുകയുടെ ഒഴുക്ക് കുത്തനെ കുറഞ്ഞു. ഇത് സഹായ സമിതിയെയും കുട്ടികളുടെ മാതാപിതാക്കളെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
കുട്ടികളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ആവശ്യം. ജനകീയ ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ച് 20 ദിവസത്തിലധികം പിന്നിടുമ്പോൾ ഏകദേശം 16.30 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. 33 കോടിയിലധികം രൂപ കൂടി ഇനിയും കണ്ടെത്തുന്നതിനായി ബാക്കിയുണ്ട്. പ്രിയങ്ക ഗാന്ധി എം.പി, എം.കെ. രാഘവൻ എം.പി, സി.കെ. കാസിം എം.എൽ.എ, പി.കെ. ഫിറോസ് എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികൾ രക്ഷാധികാരികളായ ജനകീയ കമ്മിറ്റിയാണ് ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകുന്നത്.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ഒരൊറ്റ പ്രസവത്തിലുണ്ടായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ ചികിത്സാ ഫണ്ടിനെതിരെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരൊറ്റ പ്രസവത്തിലുണ്ടായ മൂന്ന് കുട്ടികൾക്ക് ഒരുമിച്ച് എസ്.എം.എ സ്ഥിരീകരിക്കുന്നത്.
scdf

