ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് : പുതുക്കിയ ഫീസ് നിരക്കിന് അംഗീകാരം
കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകൾ നൽകേണ്ട ഫീസ് നിരക്കിന് വാണിജ്യ− മന്ത്രാലയം അംഗീകാരം നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് വ്യത്യസ്‌ത ഫീസ് നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ നിരക്ക് മന്ത്രാലയം പ്രസിദ്ധീകരിക്കും. വിദേശ മന്ത്രാലയം നിർദ്ദേശിച്ച നിരക്ക് ഉൾപ്പെട്ട റിപ്പോർട്ട് വാണിജ്യ മന്ത്രാലയം അതേപടി അംഗീകരിക്കുകയായിരുന്നു.
വിദേശമന്ത്രാലയം നിർദ്ദേശിച്ച നിരക്ക് അംഗീകരിക്കാൻ സ്വകാര്യ ഗാർഹികതൊഴിലാളി ഓഫീസുകൾ പലതും തയ്യാറായിരുന്നില്ല. പത്ത് ശതമാനം ഓഫീസുകൾ മാത്രമാണ് നിർദ്ദേശവുമായി സഹകരണം അറിയിച്ചത്. അതേസമയം 21 വയസ്സിൽ താഴെയും 60 വയസ്സിനു മേലുള്ള ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കില്ലെന്ന് താമസാനുമതി വകുപ്പിലെ ഗാർഹികത്തൊഴിൽ വിഭാഗം മേധാവി മുഹമ്മദ് അൽ അജ്മി അറിയിച്ചു. രാജ്യത്ത് നിലവിലുള്ള നിയമമാണ് അത്.
വിസ അനുവദിക്കുന്നതിന് പ്രായം കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 669000 പേരാണ് കുവൈത്തിൽ ഗാർഹികത്തൊഴിൽ മേഖലയിലുള്ളത്. രണ്ട് പൗരന്മാർക്ക് ഒരു ഗാർഹികത്തൊഴിലാളി എന്നതാണ് ഇപ്പോഴത്തെ അനുപാതമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഹികത്തൊഴിലുമായി ബന്ധപ്പെട്ട് വകുപ്പിൽ 2068 പരാതികൾ ലഭിച്ചിട്ടുണ്ട്. അതിൽ 363 പരാതികൾ നൽകിയത് തൊഴിലാളികളാണ്. തൊഴിലുടമകൾ നൽകിയ 1642 പരാതികളാണ് പരിഗണനയ്ക്ക് വന്നത്.
ഗാർഹികതൊഴിൽ ഓഫീസുകളിൽ നിന്ന് 81 പരാതികളും ലഭിച്ചിട്ടുണ്ട്. പരിഹരിക്കപ്പെടാൻ കഴിയാത്തവ ബന്ധപ്പെട്ട കോടതിക്ക് കൈമാറി. ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തൊഴിലാളിയുമായി ബന്ധപ്പെട്ട എംബസികളെ ധരിപ്പിക്കാറുണ്ട്. ഗാർഹികതൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ വകുപ്പിലെ ഒരുസംഘം ഉദ്യോഗസ്ഥർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും തുടർനടപടികൾ കാര്യക്ഷമ മായി നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

