ചെറിയ വീഴ്ചകൾക്ക് സ്വകാര്യ ആശുപത്രികൾക്ക് പൂട്ടിടില്ല; പകരം താക്കീത് നൽകാൻ ബഹ്റൈൻ ശൂറ കൗൺസിൽ തീരുമാനം
പ്രദീപ് പുറവങ്കര
മനാമ : ചെറിയ വീഴ്ചകളുടെ പേരിൽ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പൂട്ടുന്നതിന് പകരം രേഖാമൂലമുള്ള താക്കീത് നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം നൽകി. ബഹ്റൈന്റെ ആരോഗ്യ നിയമങ്ങളിലെ പിഴ വ്യവസ്ഥകളിൽ മാറ്റം വരുത്തിക്കൊണ്ട് ഞായറാഴ്ച നടന്ന വോട്ടെടുപ്പിലാണ് പുതിയ തീരുമാനം ഉണ്ടായത്. പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷനുകളെ നിയന്ത്രിക്കുന്ന 2015-ലെ നിയമത്തിലെ ആർട്ടിക്കിൾ 23 ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ച കൗൺസിൽ, ഇത് ബില്ലായി തയ്യാറാക്കാൻ സർക്കാരിലേക്ക് അയച്ചു.
2023-ൽ നടന്ന 1,300 പരിശോധനകളിൽ ഏകദേശം 5,000 ലംഘനങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും, അതിൽ 4,800 എണ്ണവും താക്കീതുകളിലൂടെയും ചർച്ചകളിലൂടെയും ഫോളോ-അപ്പ് പരിശോധനകളിലൂടെയും പരിഹരിക്കപ്പെട്ടിരുന്നുവെന്ന് സർവീസസ് കമ്മിറ്റി തലവ ഡോ. ജമീല അൽ സൽമാൻ അംഗങ്ങളെ അറിയിച്ചു. കടുത്ത ശിക്ഷകളില്ലാതെ തന്നെ ആരോഗ്യ ദാതാക്കളെക്കൊണ്ട് വീഴ്ചകൾ തിരുത്തിക്കാൻ കഴിയുമെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അവർ പറഞ്ഞു.
ഒരു ആരോഗ്യ കേന്ദ്രം പൂട്ടിയാൽ, ആദ്യം കഷ്ടപ്പെടുന്നത് സ്ഥാപനമല്ല, മറിച്ച് രോഗിയാണെന്ന് ഡോ. ജമീല ചൂണ്ടിക്കാണിച്ചു. ഡയാലിസിസ് രോഗികൾ, ഗർഭിണികൾ തുടങ്ങിയ പതിവായി ചികിത്സ ആവശ്യമുള്ളവരെ ഒരു ക്ലിനിക്കോ ആശുപത്രിയോ പൂട്ടുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. രോഗികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഒരു ആരോഗ്യ കേന്ദ്രം പൂട്ടിയോ ലൈസൻസ് റദ്ദാക്കിയോ മാത്രം അത് സാധ്യമാക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. അക്രഡിറ്റേഷൻ ലഭിച്ച ഏകദേശം 110 ആരോഗ്യ സ്ഥാപനങ്ങളിൽ 90 ശതമാനത്തോളവും പരിശോധനകളിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന പോലുള്ള കടുത്ത ശിക്ഷാ നടപടികൾക്ക് മുമ്പ് രേഖാമൂലമുള്ള താക്കീതുകളും ചില സേവനങ്ങളിൽ താത്കാലിക വിലക്കേർപ്പെടുത്തലും നടപ്പിലാക്കാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്ന് സർവീസസ് കമ്മിറ്റി rapporteur ഡോ. ഇബ്തിസാം അൽ ദല്ലാൾ പറഞ്ഞു. ഓരോ ലംഘനത്തിന്റെയും ഗൗരവം, സ്ഥാപനത്തിന്റെ പെരുമാറ്റം, നേടിയെടുത്ത ലാഭം, മറ്റുള്ളവർക്ക് ഉണ്ടായ ബുദ്ധിമുട്ട് എന്നിവയും റെഗുലേറ്റർമാർ വിലയിരുത്തേണ്ടതുണ്ട്. എങ്കിലും, ഏർപ്പെടുത്തുന്ന താത്കാലിക സേവന വിലക്കുകൾ രോഗികളെ ഒരു കാരണവശാലും അപകടത്തിലാക്കുന്നതാകരുത്.
ചെറിയ വീഴ്ചകൾക്കും ഗുരുതരമായ വീഴ്ചകൾക്കും ഒരുപോലെ ലൈസൻസ് സസ്പെൻഷൻ വ്യവസ്ഥ ചെയ്യുന്നതാണ് നിലവിലെ നിയമമെന്നും, അവ തമ്മിൽ വേർതിരിച്ചു കാണാൻ വേണ്ടത്ര അവസരമില്ലെന്നും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) വ്യക്തമാക്കി.
ആദ്യത്തെ വീഴ്ചയ്ക്ക് പ്രതിദിനം 1,000 ബഹ്റൈൻ ദിനാർ വരെയും, മൂന്ന് വർഷത്തിനുള്ളിൽ വീണ്ടും വീഴ്ച ആവർത്തിച്ചാൽ പ്രതിദിനം 2,000 ദിനാർ വരെയും പിഴ ഈടാക്കുന്ന നിലവിലെ വ്യവസ്ഥ മാറ്റമില്ലാതെ തുടരും. കൂടാതെ 20,000 ദിനാർ വരെ വരുന്ന പ്രത്യേക പിഴയും ബാധകമായിരിക്കും. രോഗികളുടെ ചെലവിൽ ആരോഗ്യ ദാതാക്കളെ ശിക്ഷിക്കുന്നതിനേക്കാൾ വീഴ്ചകൾ പരിഹരിക്കുക എന്നതാകണം ലക്ഷ്യമെന്ന് വ്യക്തമാക്കി ഷൂറ അംഗം ഡോ. അലി അൽ ഹദ്ദാദ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
adfadsadsads

