ഇസ്രായേൽ രാഷ്ട്രീയം പുകയുന്നു: ഇനെതന്യാഹുവിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് ഐസൻകോട്ട്


ഷീബ വിജയൻ


ജറുസലേം: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ 'ലിക്കുഡി'നെയും പുതിയ ഇസ്രായേൽ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്. പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം. ഞായറാഴ്ച ജറുസലേമിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യകക്ഷിയായ റിലീജിയസ് സയണിസ്റ്റ് പാർട്ടിയെയും സർക്കാരിന്റെ ഭാഗമാക്കുന്നതിൽ എതിർപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ ഐക്യം ഉണ്ടാകണമെന്ന് ലിക്കുഡും സയണിസ്റ്റ് പാർട്ടിയും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാകേണ്ടതില്ലെന്നും ഐസൻകോട്ട് കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് ആറാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇസ്രായേൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതും രാജ്യതാൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു ഭരണകൂടം രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ‌‌

കഴിഞ്ഞ ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ ഐസൻകോട്ടിന്റെ നാല് കക്ഷികൾ ഉൾപ്പെട്ട സഖ്യം 48 സീറ്റുകൾ നേടിയപ്പോൾ, നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് ആവശ്യം. ഫലസ്തീൻ വംശജരായ ഇസ്രായേൽ പൗരന്മാരെ പ്രതിനിധീകരിക്കുന്ന അറബ് പാർട്ടികൾ 19 സീറ്റുകൾ നേടിയിട്ടുണ്ടെങ്കിലും, അവരെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കില്ലെന്ന നിലപാടിലാണ് ഐസൻകോട്ട്. അതേസമയം, യുനൈറ്റഡ് തോറാ ജൂഡായിസം, ഷാസ് എന്നീ തീവ്ര ഓർത്തഡോക്സ് പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ അദ്ദേഹത്തിന് ഭൂരിപക്ഷം ഉറപ്പാക്കാനാകും. വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചാൽ നേരിട്ടുള്ള പിന്തുണയില്ലാതെയും സർക്കാരുണ്ടാക്കാൻ സാധ്യതയുണ്ട്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ നെതന്യാഹുവിന് ഇപ്പോഴും അവസരമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഐസൻകോട്ടിന് സർക്കാരുണ്ടാക്കാൻ കഴിയാതെ വന്നാൽ അടുത്തതായി നെതന്യാഹുവിനെയാകും ചുമതലപ്പെടുത്തുക. അതിനും സാധിച്ചില്ലെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും. അതുവരെയുള്ള കാലയളവിൽ നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരാം. പ്രതിപക്ഷം യഥാർത്ഥത്തിൽ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഇസ്രായേൽ രാഷ്ട്രീയത്തിലെ പ്രധാന ചോദ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

article-image

adsadsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed