സിന്ധു നദീതടത്തിന്റെ കിരീടരത്നം എവിടെ? ദേശീയ മ്യൂസിയത്തിൽ നിന്ന് 4500 വർഷം പഴക്കമുള്ള 'ഡാൻസിങ് ഗേൾ' നീക്കം ചെയ്തതിൽ വിവാദം കൊഴുക്കുന്നു
ഷീബ വിജയൻ
ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതീകമായ 4500 വർഷം പഴക്കമുള്ള 'ഡാൻസിങ് ഗേൾ' വെങ്കല പ്രതിമ ഡൽഹി നാഷണൽ മ്യൂസിയത്തിലെ ഹാരപ്പൻ ഗാലറിയിൽ നിന്ന് മാറ്റിയ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നു. ചരിത്രപരമായ പ്രാധാന്യമുള്ള ഈ മാസ്റ്റർപീസ് അവിടെ ഇല്ലാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുൻ ലോക്സഭാ എംപിയായ ആർ. സെന്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കത്തയച്ചതോടെയാണ് വിഷയം പുറത്തുവന്നത്. പ്രതിമ എങ്ങോട്ടാണ് മാറ്റിയതെന്നോ അതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നോ ഉള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'യുഗേ യുഗേൻ ഭാരത് മ്യൂസിയം മോക്ക് ഗാലറി'ക്കായി ഈ പ്രദർശന വസ്തുവുകൾ താൽക്കാലികമായി മാറ്റിയതാണെന്നാണ് മ്യൂസിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.
ഡാൻസിങ് ഗേളിന് പുറമെ പശുപതി മുദ്ര, ബുദ്ധന്റെ കറുത്ത പ്രതിമ, കുബേര പ്രതിമ തുടങ്ങി നിരവധി വിലപിടിപ്പുള്ള പുരാവസ്തുക്കളും ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമോ മറുപടിയോ നൽകാൻ മ്യൂസിയം അധികൃതരോ മന്ത്രാലയമോ തയ്യാറായിട്ടില്ല.
adsdsdsdsdss

