ഡ്രോൺ ഉപയോഗത്തിന് യു.എ.ഇയിൽ ഏകീകൃത നയം
അബുദാബി : ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് യു.എ.ഇയിൽ ഏകീകൃത നിയമം നിലവിൽ വന്നു. ഡ്രോണുകളുടെ ഉപയോഗക്രമങ്ങളിൽ സുതാര്യത വരുത്തുന്നതും നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതുമാണ് 'യൂണിഫൈഡ് പൈലറ്റ് സിസ്റ്റം ഫോർ അൺമാൻഡ് എയർക്രാഫ്റ്റ് പ്രോഡക്ട്സ് ആൻഡ് സിസ്റ്റംസ്' എന്ന പുതിയ സംവിധാനം.ഡ്രോണുകളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതുപ്രകാരം ഉല്ലാസത്തിനും വാണിജ്യാവശ്യത്തിനും മറ്റും ഡ്രോണുകൾ ഉപയോഗിക്കാം.
പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാകും ഇതിനുള്ള നടപടിക്രമങ്ങൾ. 2015 അവസാനം രൂപീകരിച്ച സമിതി ഇതുസംബന്ധിച്ചു വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചതായി സമിതി ചെയർമാൻ മേജർ ജനറൽ ഡോ.അഹമ്മദ് നാസ്സർ അൽ റൈസി, എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി (എസ്മ) ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൽ ഖാദർ അൽ മഈനി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഒമർ സഈദ് ബിൻ ഖാലിബ് എന്നിവർ പറഞ്ഞു.
വരും വർഷങ്ങളിൽ നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ഡ്രോണുകളുടെ ഉപയോഗം േലാകമെങ്ങും കൂടുമെന്നാണു റിപ്പോർട്ടുകൾ. സുരക്ഷയും സ്വകാര്യതയും സംരക്ഷിച്ച് യു.എ.ഇയും വിവിധ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കും. നിയമപരിധിക്കുള്ളിലുള്ള സുരക്ഷിത ഉപയോഗം ഉറപ്പാക്കും. പുതിയ നിയമസംവിധാന പ്രകാരം ഡ്രോണുകൾ വിൽപ്പന നടത്തണമെങ്കിൽ നേരത്തേ റജിസ്റ്റർ ചെയ്യണം. സിവിൽ വ്യോമയാനവകുപ്പിന്റെ സാങ്കേതിക മാനദണ്ധങ്ങൾ പാലിക്കുന്നതാകണം ഇവ. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി നിർമ്മാതാക്കളും വ്യാപാരികളും എസ്മയ്ക്കു സമർപ്പിക്കുകയും വേണം.
ഡ്രോണുകളുടെ അനധികൃതഉപയോഗം പലതവണ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. വ്യോമഗതാഗതവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവൃത്തികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് നിർബന്ധമാണ്. അതോറിറ്റിയുടെ ലൈസൻസോടെ മാത്രമേ ഡ്രോണുകൾ ഉപയോഗിക്കാനാകൂ. കർശന മാനദണ്ധങ്ങളോടെയായിരിക്കും സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസ് അനുവദിക്കുക. ഇതിനു പുറമേവ്യോമമേഖലയിലേക്ക് കടന്നുകയറാതിരിക്കാൻ ഡ്രോണുകളിൽ ജിയോ ഫെൻസിംങ് സംവിധാനം സ്ഥാപിക്കണമെന്ന നിർദ്ദേശങ്ങളും ഉയർന്നു.

