രണ്ടുവർഷത്തിലേറെയായി പ്രവർത്തനരഹിതം; ബഹ്റൈനിൽ 26 സന്നദ്ധ സംഘടനകൾ പിരിച്ചുവിട്ടു
പ്രദീപ് പുറവങ്കര
മനാമ : രണ്ടുവർഷത്തിലേറെയായി യാതൊരു പ്രവർത്തനവുമില്ലാതെ നിഷ്ക്രിയമായി തുടർന്നതിനെത്തുടർന്ന് ചാരിറ്റി സംഘടനകളും സാംസ്കാരിക കൂട്ടായ്മകളും പ്രൊഫഷണൽ അസോസിയേഷനുകളും ഉൾപ്പെടെയുള്ള 26 സന്നദ്ധ സംഘടനകൾ ബഹ്റൈനിൽ പിരിച്ചുവിട്ടു. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിലൂടെയാണ് വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നിർബന്ധിത പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രസക്തമായ നിയമങ്ങളും സംഘടനകളുടെ സ്വന്തം ഉപനിയമങ്ങളും ലംഘിച്ച് തുടർച്ചയായി രണ്ടുവർഷത്തിലധികം കാലം പ്രവർത്തിക്കാതിരുന്ന സാഹചര്യം കണക്കിലെടുത്താണ് സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി 2026-ലെ 78-ാം നമ്പർ ഉത്തരവ് പുറപ്പെടുവിച്ചത്. അസോസിയേഷനുകൾ, സാമൂഹിക-സാംസ്കാരിക ക്ലബ്ബുകൾ, യുവജന-കായിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച 1989-ലെ നിയമത്തിലെ ആർട്ടിക്കിൾ 50 പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.
ഈ പട്ടികയിൽ ബഹ്റൈനി സോഷ്യൽ ചാരിറ്റി സൊസൈറ്റി, വിമൻസ് ക്രിയേറ്റിവിറ്റി സൊസൈറ്റി, ഫ്രണ്ട്സ് ഓഫ് ക്രോൺസ് ആൻഡ് അൾസറേറ്റീവ് കൊലൈറ്റിസ് സൊസൈറ്റി, അയാദി റിലീഫ് സൊസൈറ്റി, അൽ ഖൈറാത്ത് ചാരിറ്റി സൊസൈറ്റി, ഇംദാദ് ചാരിറ്റി സൊസൈറ്റി എന്നിവ ഉൾപ്പെടുന്നു. കൂടാതെ ബഹ്റൈൻ എൻവയോൺമെന്റൽ സൊസൈറ്റി, ബഹ്റൈൻ ഡിസ്ലെക്സിയ സൊസൈറ്റി, ബഹ്റൈൻ കിഡ്നി പേഷ്യന്റസ് ഫ്രണ്ട്സ് സൊസൈറ്റി, ബഹ്റൈൻ ഹോഴ്സ് സൊസൈറ്റി, ബഹ്റൈൻ ഏവിയേഷൻ സൊസൈറ്റി, ബഹ്റൈൻ ടെക്നീഷ്യൻസ് സൊസൈറ്റി, ബഹ്റൈൻ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ എന്നിവയും ഇതിൽ വരുന്നു.
ഇവയ്ക്ക് പുറമേ ബഹ്റൈൻ സൊസൈറ്റി ഫോർ സോഷ്യൽ ആൻഡ് നാഷണൽ ഹാർമണി, ബഹ്റൈൻ കൾച്ചറൽ ആൻഡ് സോഷ്യൽ ഫോറം സൊസൈറ്റി, ബഹ്റൈൻ ഫാമിലി ബിസിനസ് അസോസിയേഷൻ, ബഹ്റൈൻ മലേഷ്യൻ ബിസിനസ് ആൻഡ് ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, ബഹ്റൈൻ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സൊസൈറ്റി, അൽ ഖാരി സയന്റിഫിക് സൊസൈറ്റി, ഹിവർ സൊസൈറ്റി, അൽ-ശർതാൻ സൊസൈറ്റി, ഗൾഫ് വെഞ്ച്വർ ക്യാപിറ്റൽ സൊസൈറ്റി, ലൈഫ് ചേഞ്ച് ഫൗണ്ടേഷൻ, അൽ-ഹല ചാരിറ്റി ഫണ്ട് ഫൗണ്ടേഷൻ, കേരള ആർട്സ് ആൻഡ് കൾച്ചർ സൊസൈറ്റി എന്നിവയും പിരിച്ചുവിട്ട സംഘടനകളിൽ പെടുന്നു.
ഈ 26 സംഘടനകളുടെയും ലിക്വിഡേറ്ററായി കമേഴ്സ്യൽ രജിസ്ട്രേഷൻ നമ്പർ 22908-1 ആയി രജിസ്റ്റർ ചെയ്തിട്ടുള്ള 'തലാൽ അബു-ഗസാല ആന്റ് കോ ഇന്റർനാഷണൽ' എന്ന പങ്കാളിത്ത സ്ഥാപനത്തെ നിയമിച്ചു. ഉത്തരവ് നിലവിൽ വരുന്ന തീയതി മുതൽ ലിക്വിഡേഷൻ നടപടികൾ ആരംഭിക്കും, ഇത് ഏകദേശം 18 മാസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ അംഗങ്ങളും മാനേജർമാരും ജീവനക്കാരും സംഘടനകളുടെ പ്രവർത്തനങ്ങൾ തുടരുന്നതിനോ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനോ പാടില്ല. സംഘടനയുടെ ചുമതലയുള്ളവർ ബന്ധപ്പെട്ട എല്ലാ രേഖകളും റിക്കാർഡുകളും ലിക്വിഡേറ്റർക്ക് കൈമാറേണ്ടതാണ്. സംഘടനകളുടെ ഫണ്ടുകൾ കൈവശമുള്ള ബാങ്കുകൾ, കടം വാങ്ങിയവർ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരും ലിക്വിഡേറ്ററുടെ എഴുത്തുനൽകിയ അനുമതിയില്ലാതെ ആസ്തികളോ അവകാശങ്ങളോ കൈമാറരുതെന്ന് കർശനമായി വിലക്കിയിട്ടുണ്ട്.
സംഘടനകളുടെ ആസ്തികൾ സംരക്ഷിക്കുക, കുടിശ്ശികകൾ ഈടാക്കുക, കടങ്ങൾ തീർപ്പാക്കുക എന്നിവയാണ് ലിക്വിഡേറ്ററുടെ ചുമതല. ലിക്വിഡേഷൻ നടപടികൾ പൂർത്തിയായ ശേഷമുള്ള ബാക്കി ഫണ്ടുകൾ നിയമപ്രകാരവും പ്രസക്തമായ ചട്ടപ്രകാരവും സിവിൽ സോഷ്യൽ വർക്ക് ഫണ്ടിലേക്ക് മാറ്റും. ലിക്വിഡേഷൻ നടപടികളുടെ അന്തിമ കണക്ക് ലിക്വിഡേറ്റർ സാമൂഹിക വികസന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണ്.
അതേസമയം, റൊട്ടേറി ക്ലബ് ഓഫ് അദ്ലിയ, അൽ ബയാരിഖ് അൽ ബൈദ സൊസൈറ്റി എന്നിവയെ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സ്വന്തം താല്പര്യപ്രകാരം പിരിച്ചുവിടാനുള്ള അഭ്യർത്ഥനയും മന്ത്രി അംഗീകരിച്ചിട്ടുണ്ട്. ഈ സംഘടനകൾക്കും സമാനമായ ലിക്വിഡേഷൻ നടപടികൾ ബാധകമായിരിക്കും.
cvx

