മസ്ജിദുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കും : കുവൈത്ത് മതകാര്യ മന്ത്രാലയം
കുവൈത്ത് സിറ്റി : വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി മസ്ജിദുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഔഖാഫ് −മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫാരിദ് അൽ അമാദി. സെയ്ൻ മൊബൈൽ കന്പനി 3000 ക്യാമറകൾ സംഭാവന നൽകിയിട്ടുണ്ട്. സുരക്ഷാ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാനും അവയുടെ പ്രവർത്തനം നിരീക്ഷിക്കാനും എൻജിനീയർമാർ ഉൾപ്പെടുന്ന സംഘത്തെ മന്ത്രാലയം ചുമതലപ്പെടുത്തി.
ഇൻഫർമേഷൻ സിസ്റ്റം വകുപ്പിന്റെ സഹകരണത്തോടെയാണു സംഘത്തിന്റെ പ്രവർത്തനം. പ്രവേശന വഴിയിലും എക്സിറ്റ് പോയിന്റിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ നെറ്റ്‌വർക്ക് സിസ്റ്റം നിയന്ത്രിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനും ആധുനിക രീതിയിലുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ സെയ്ൻ സംഭാവന നൽകിയ 1129 ക്യാമറകൾ 120 മസ്ജിദുകളിൽ സ്ഥാപിച്ചുകഴിഞ്ഞു.
സർവ്വകലാശാലാ മസ്ജിദ്, റമദാൻ സെന്റർ എന്നിവിടങ്ങളിലും ക്യാമറകൾ കൺതുറക്കും. രണ്ടാം ഘട്ടം രണ്ടു മാസത്തിനകം പൂർത്തിയാക്കും. മറ്റു ചില കന്പനികളും ക്യാമറ സംഭാവന നൽകാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഔഖാഫ് മന്ത്രാലയം എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നു ഫാരിദ് അമാദി പറഞ്ഞു.

