യു.എ.ഇയിൽ കനത്ത മഴ : താഴ്ന്ന മേഖലകൾ വെള്ളത്തിൽ
ദുബൈ : കാത്തിരിപ്പിനൊടുവിൽ യു.എ.ഇയെ വെള്ളത്തിലാക്കി തകർപ്പൻ മഴ. വടക്കൻ എമിറേറ്റുകളിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ താഴ്ന്ന മേഖലകളിൽ വെള്ളം കയറി. ഫുജൈറയിലും കൽബയിലും പാർക്കിംഗുകളിൽ വെള്ളം നിറഞ്ഞു ചെറിയ വാഹനങ്ങൾ ഒഴുകിനടന്നു. മലകളിൽനിന്നു പാറക്കഷണങ്ങൾ റോഡിൽ വീണു ചിതറിയതുമൂലം ചിലയിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാദികൾ നിറഞ്ഞൊഴുകുകയാണ്. പലമേഖലകളിലും വൈദ്യുതി മുടങ്ങി. ദുബൈ, അൽഐൻ, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഫുജൈറയിലായിരുന്നു മഴ ഏറ്റവും ശക്തം. പുലർച്ചെ തുടങ്ങിയ മഴ ഉച്ചവരെ നീണ്ടു. രാത്രി വൈകിയും മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകി. റാസൽഖൈമയിലും ദൈദിലും കൽബയിലും രാവിലെ മുതൽ മഴ പെയ്തു. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി.
ഫുജൈറയിൽ ഷോപ്പിംങ് മാളിന്റെ ഭൂഗർഭ പാർക്കിങ്ങിൽ വെള്ളം നിറഞ്ഞതോടെ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. പല വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം മുടങ്ങി. റാഡുകൾ ഏറെക്കുറെ വിജനമായി. വടക്കൻ എമിറേറ്റുകളിൽ ശക്തമായ കാറ്റുവീശുന്നുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ദുബൈയിൽ ഉച്ചയോടെയുണ്ടായ മഴ വാഹനഗതാഗതത്തെ ബാധിച്ചു. ശക്തമായ മഴയിൽ ദൂരക്കാഴ്ച കുറഞ്ഞതുമൂലം പല വാഹനങ്ങളും റോഡരികിൽ നിർത്തിയിടേണ്ടിവന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസും സിവിൽഡിഫൻസും മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി.
ഗതാഗതക്കുരുക്കും വെള്ളക്കെട്ടും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കാൻ നഗരസഭാ കാര്യാലയങ്ങളും ട്രാൻസ്പോർട് അതോറിറ്റിയും സംയുക്തമായാണു നടപടികൾ സ്വീകരിക്കുന്നത്. വെള്ളക്കെട്ട് നീക്കാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. റോഡുകളിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കാനും നടപടി സ്വീകരിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ പാതയോരങ്ങളിലെ സ്മാർട് ബോർഡുകൾ വഴി നൽകുന്നുണ്ട്. ഒമാനിലും ശക്തമായ മഴയുണ്ടായി.

