കു­വൈ­ത്തി­ലെ­ സ്വകാ­ര്യ ആശു­പത്രി­കൾ ചി­കി­ത്സാ­ ഫീസ് ഏകീ­കരി­ക്കാ­നൊ­രു­ങ്ങു­ന്നു­


കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ചികിത്സാ ഫീസ് ഏകീകരിക്കാൻ നീക്കമാരംഭിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാ നിരക്ക് വർദ്ധനയുടെ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രികളുടെ നീക്കം. സ്വകാര്യ ആശുപത്രികളുടെ ഉടമകളുടെ സംഘടനയായ പ്രൈവറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഓണേഴ്സ് യൂണിയൻ ചികിത്സയ്ക്കായി ഈടാക്കാവുന്ന കുറഞ്ഞനിരക്ക് തയ്യാറാക്കാൻ തീരുമാനിച്ചതായി പ്രസിഡണ്ട് ഡോ. ആദിൽ അഷ്കനാനി അറിയിച്ചു.

 ഓരോ സേവനത്തിനും പ്രത്യേക കോഡ് രൂപപ്പെടുത്തി എല്ലായിടത്തും തുല്യമായ നിരക്ക് എന്നതാണ് ലക്ഷ്യം. പ്രസ്തുത നിരക്കിൽ ഇളവ് നൽകാൻ അനുവദിക്കില്ല. സ്വകാര്യ മേഖലയിൽ ചികിത്സാ ഫീസുമായി ബന്ധപ്പെട്ടു നിലവിലുള്ള ക്രമക്കേടുകൾ ഇല്ലാതാക്കുക എന്നതും നിരക്ക് ഏകീകരണത്തിനു പിന്നിലെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

നിലവിൽ രാജ്യത്തെ സ്വകാര്യ ആരോഗ്യമേഖലയിലെ മത്സരം നേരാംവണ്ണമുള്ളതോ പരസ്പരം ആദരണീയമോ അല്ല. രോഗികളെ ആകർഷിക്കുന്നതിനായി സേവനങ്ങളുടെ ഗുണനിലവാരം പോലും പരിഗണിക്കാതെയാണ് ചിലർ ഇളവുകൾ പ്രഖ്യാപിക്കുന്നത്.

അതുൾപ്പെടെ മോശമായ പ്രവണതകൾ ഇല്ലാതാക്കാനാണ് കുറഞ്ഞ നിരക്കു പ്രഖ്യാപിക്കാൻ മന്ത്രാലയത്തിലെയും യൂണിയനിലെയും പ്രതിനിധികൾ ഉൾപ്പെട്ട സം‌യുക്ത സമിതി നീക്കം. തയ്യാറാക്കുന്ന നിരക്ക് പ്രതിവർഷം ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിങ് വിഭാഗത്തിന്റെ അംഗീകാരം നേടണമെന്നും വ്യവസ്ഥയുണ്ട്. 

പൊതുമേഖലയിലെ ചികിത്സാ ഫീസ് വർദ്ധന സ്വകാര്യ മേഖലയുമായുള്ള മത്സര സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊതുമേഖലയിൽ ചികിത്സാഫീസ് വർദ്ധിപ്പിച്ച നടപടി പാർലമെന്റ് പുനഃപരിശോധിക്കുന്നതിനുള്ള സാധ്യതയും വർദ്ധിച്ചു. ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബിയാണ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്ല്യത്തിൽ വരുംവിധം ചികിത്സാനിരക്ക് വർദ്ധന പ്രഖ്യാപിച്ചത്. 

തന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് മന്ത്രിയുടെ തീരുമാനം. അതു നിരാകരിക്കാൻ പാർലമെന്റിന് അധികാരമില്ല. അതേസമയം ഒറ്റയടിക്കു നിരക്ക് വർദ്ധിപ്പിച്ചതിനു പകരം നിയമനിർമാണ സഭാതലത്തിൽ ആലോചനകൾ ആകാമായിരുന്നുവെന്ന നിലപാട് ചില എം‌.പിമാർക്കുണ്ട്.

നിരക്കു വർദ്ധന പാർലമെന്റിന്റെ ആരോഗ്യസമിതി ഉടൻ ചർച്ചചെയ്യും. നിരക്കു വർദ്ധനയെ കമ്മിറ്റി തത്വത്തിൽ അംഗീകരിച്ചാലും ചില വിഭാഗങ്ങളെ വർദ്ധനയിൽ നിന്ന് ഒഴിവാക്കിയതിന്റെ അസാംഗത്യം കമ്മിറ്റി ചോദ്യം ചെയ്യുമെന്നാണ് സൂചന. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed