പെട്രോൾ പമ്പിൽനിന്ന് ഇത്തിഹാദ് റെയിലിന്റെ അമരത്തേക്ക്; പ്രവാസി മലയാളി നിഷാദിന്റെ അതിശയക്കുതിപ്പ്
ഷീബ വിജയൻ
പ്രവാസലോകത്തെ കഠിനവഴികളിലൂടെ സഞ്ചരിച്ച് വിജയത്തിന്റെ പുതിയ പാത വെട്ടിത്തുറന്നിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ നിഷാദ് (29). യു.എ.ഇയുടെ അഭിമാന പദ്ധതിയായ ‘ഇത്തിഹാദ് റെയിലിന്റെ’ നിയന്ത്രണമേറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. നിലവിൽ ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഓപറേഷൻസ് ടീം ലീഡറായും കീ ഇൻസ്ട്രക്ടറായും നിഷാദ് സേവനമനുഷ്ഠിക്കുന്നു.
പത്തുവർഷം മുമ്പ് വെറുമൊരു വിൽപനക്കാരനായാണ് നിഷാദ് യു.എ.ഇയിലെത്തുന്നത്. അന്ന് പെട്രോൾ പമ്പുകളിൽ പെർഫ്യൂം വിറ്റും, സാൻഡ്വിച്ചുകൾ ഉണ്ടാക്കിയും, സാധനങ്ങൾ ഹോം ഡെലിവറി നടത്തിയുമായിരുന്നു ജീവിച്ചിരുന്നത്. ഈ അനുഭവങ്ങളാണ് തന്നിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്തിയതെന്ന് നിഷാദ് ഓർക്കുന്നു. 2017-ൽ മോണോ റെയിലിലൂടെയാണ് അദ്ദേഹം റെയിൽവേ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പഠിച്ച് കഴിവുകൾ വികസിപ്പിച്ചു. ഇത്തിഹാദ് റെയിലിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. 2020-ൽ ഇമെയിലിലെ അക്ഷരത്തെറ്റ് കാരണം അവസരം നഷ്ടമായെങ്കിലും തോറ്റുകൊടുക്കാൻ നിഷാദ് തയ്യാറായില്ല. 2022-ൽ കഠിനമായ പരീക്ഷകൾ പാസായി, 2024-ൽ ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ മലയാളി ട്രെയിൻ ക്യാപ്റ്റൻ എന്ന ചരിത്ര പദവി സ്വന്തമാക്കി. തൊട്ടടുത്ത വർഷം തന്നെ ടീം ലീഡർ, കീ ഇൻസ്ട്രക്ടർ പദവികളിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.
ആലപ്പുഴ സ്വദേശികളായ നൗഷാദിന്റെയും ഷീബയുടെയും മകനായ നിഷാദിന് ഭാര്യ ഹിബയും മകൻ ഖലീഫ സായിദും അടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിൻഷാദ് സഹോദരനാണ്. തുടക്കകാലത്തെ കഷ്ടപ്പാടുകൾ വഴിമുട്ടി നിൽക്കുന്ന പ്രവാസി യുവാക്കൾക്ക് പ്രചോദനമാകാനാണ് നിഷാദ് ഇപ്പോൾ പങ്കുവെക്കുന്നത്. ലക്ഷ്യങ്ങൾക്കായി പോരാടുമ്പോൾ സ്ഥിരതയും ക്ഷമയും യാത്രയിലുള്ള വിശ്വാസവുമാണ് ഏറ്റവും വലിയ ആയുധങ്ങളെന്ന് ഈ മലയാളി ചെറുപ്പക്കാരൻ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു.
asassaassa

