അടങ്ങാതെ നെതന്യാഹു; ഇറാനെതിരെ 'മൂന്നാം അങ്കത്തിന്' മടിക്കില്ലെന്ന് പ്രഖ്യാപനം, പശ്ചിമേഷ്യ യുദ്ധമുനമ്പിൽ


ഷീബ വിജയൻ

ജറുസലേം: ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും സൈനിക ആക്രമണം നടത്താൻ ഇസ്രായേൽ മടിക്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ വർഷം ജൂണിലും ഈ വർഷം തുടക്കത്തിലുമായി ഇറാനെതിരെ നടത്തിയ രണ്ട് പ്രധാന സൈനിക നടപടികളെ സൂചിപ്പിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇസ്രായേൽ കൈവരിച്ച സൈനിക നേട്ടങ്ങളെക്കുറിച്ച് ‘ചാനൽ 14’ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. താൻ ഇറാനെതിരെ ഇതിനകം രണ്ടുതവണ ശക്തമായ പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്നും, സാഹചര്യം ആവശ്യപ്പെട്ടാൽ മൂന്നാം തവണയും അത് ആവർത്തിക്കാൻ ഇസ്രായേൽ തയാറാണെന്നും നെതന്യാഹു പറഞ്ഞു. ‘ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ഇറാനിയൻ അച്ചുതണ്ടിന്റെ അവശേഷിക്കുന്ന ഭാഗങ്ങളെയും ശക്തമായി കൈകാര്യം ചെയ്യും. യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല’- നെതന്യാഹു കൂട്ടിച്ചേർത്തു.

ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ വലിയ അസ്ഥിരത സൃഷ്ടിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന വരുന്നത്. തങ്ങൾ വലിയ ശക്തിയാണെന്നും, ഇസ്രായേൽ മുമ്പത്തേക്കാളും ശക്തമാണെന്നും ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാനും അവരെ ദുർബലപ്പെടുത്താനും ഇസ്രായേലിന് സാധിച്ചിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇറാനെ കൂടാതെ ഹമാസ്, ഹിസ്ബുല്ല എന്നിവയുടെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാനും ഗസ്സ, ലബനാൻ, സിറിയ അതിർത്തികളിൽ സുരക്ഷക്കായി ബഫർ സോണുകൾ സ്ഥാപിക്കാനും സാധിച്ചതായി നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാനോ അവരുടെ ആണവ-മിസൈൽ പദ്ധതികൾ പൂർണമായി തകർക്കാനോ സാധിച്ചിട്ടില്ലെന്ന് പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.

അതേസമയം, നെതന്യാഹുവിനെതിരെ സ്വന്തം രാജ്യത്തിനകത്തുനിന്നും രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി മാത്രമാണ് ഗസ്സയിലെയും മറ്റ് പ്രദേശങ്ങളിലെയും യുദ്ധം അദ്ദേഹം നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം നെതന്യാഹു സ്വീകരിച്ച കടുത്ത നിലപാടുകൾ ഇസ്രായേലിന്റെ സുരക്ഷാ ഭീഷണികൾ കുറക്കുന്നില്ലെന്നും, മറിച്ച് മേഖലയിലെ സമാധാനശ്രമങ്ങളെ തകർക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ അഭിപ്രായമുയരുന്നുണ്ട്. ഇസ്രായേലിന്റെ ഈ കടുത്ത നിലപാടുകളും യു.എസ് രാഷ്ട്രീയത്തിലെ മാറ്റങ്ങളും പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിക്കുമോ എന്ന ആശങ്കയുയർത്തുന്നുണ്ട്. സമാധാന ചർച്ചകൾക്ക് പകരം സൈനിക ആക്രമണങ്ങൾ തുടരുന്നതിനെതിരെ വാൻസ് ഉൾപ്പെടെയുള്ള യു.എസ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും, നെതന്യാഹു തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഏതെങ്കിലും ഒരു ദേശീയ സുരക്ഷാ പ്രശ്നം പരിഹരിക്കാൻ എതിരാളികളെ ഒന്നടങ്കം കൊന്നൊടുക്കുക എന്നത് പ്രായോഗികമായ മാർഗ്ഗമല്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ മാസം വിമർശിച്ചിരുന്നു. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക്, പരസ്യപ്രസ്താവനകളേക്കാൾ പ്രവൃത്തിയാണ് പ്രധാനമെന്ന മറുപടിയാണ് നെതന്യാഹു നൽകിയത്. നിലവിൽ യു.എസിന്റെ മധ്യസ്ഥതയിൽ വന്ന വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുകയും ഗസ്സയിൽ ആക്രമണം തുടരുകയും ചെയ്യുന്ന നെതന്യാഹുവിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനം ഉയരുന്നുണ്ട്.

article-image

erweweweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed