ആസ്റ്റക്കയിലെ അങ്കം: എക്വഡോർ വീണു, മെക്സിക്കോ പ്രീ-ക്വാർട്ടറിൽ
ഷീബ വിജയൻ
മെക്‌സിക്കോ സിറ്റി: ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ മെക്സിക്കൻ തിരമാല ആഞ്ഞടിച്ചപ്പോൾ, എക്വഡോറിന്റെ പോരാട്ടവീര്യം ഒലിച്ചുപോയി. റൗണ്ട് ഓഫ് 32ൽ എക്വഡോറിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മെക്സികോ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും. 22ാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 31ാം മിനിറ്റിൽ റൗൾ ഹിമെനസുമാണ് വലുകുലുക്കിയത്. പ്രീ-ക്വാർട്ടറിൽ ഇംഗ്ലണ്ട്-ഡി.ആർ കോംഗോ മത്സരത്തിലെ വിജയികളെയാണ് മെക്സിക്കോ നേരിടുക. 40 വർഷത്തിനു ശേഷമാണ് മെക്സികോ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത്. 1986 ലോകകപ്പിലാണ് അവസാനമായി നോക്കൗട്ട് ജയിച്ചത്. മികച്ച ടീം ഗെയിമിലൂടെയാണ് മത്സരത്തിൽ മെക്സികോ രണ്ടു ഗോളുകളും നേടിയത്. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ (90+5) വായ് പൊത്തി സംസാരിച്ചതിന് എക്വഡോറിന്റെ പിയറോ ഹിൻകാപിയക്ക് റഫറി ചുവപ്പ് കാർഡ് നൽകി.
മത്സരത്തിന്റെ track മുതൽ മെക്സിക്കോ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പന്ത് കൈവശം വെക്കുന്നതിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും അവർ മുന്നിട്ടുനിന്നു. ഇതോടെ എക്വഡോറിന്റെ പ്രതിരോധത്തിനും പണി കൂടി. 22ാം മിനിറ്റിലാണ് ക്വിനോനെസിലൂടെ സഹആതിഥേയർ ആദ്യ ലീഡെടുക്കുന്നത്. മധ്യനിരയിൽനിന്ന് റോബർട്ടോ അൽവാരഡോ നൽകിയ ഒരു മികച്ച ത്രൂ-ബാൾ സ്വീകരിച്ച്, ക്വിനോനെസ് ഇക്വഡോറിന്റെ പ്രതിരോധ നിരയെ മറികടന്നു മുന്നോട്ടു കയറി. എക്വഡോർ ഗോൾകീപ്പർ മുന്നോട്ട് കയറി വന്നെങ്കിലും, താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് കയറി. ആസ്റ്റക്ക സ്റ്റേഡിയം അക്ഷരാർഥത്തിൽ ആവേശക്കടലായി.
പത്തു മിനിറ്റ് തികയും മുമ്പു തന്നെ രണ്ടാം ഗോളുമെത്തി. ആദ്യ ഗോൾ നേടിയ ക്വിനോനെസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. വലതു വിങ്ങിലൂടെ മെക്സിക്കോ നടത്തിയ ഒരു വേഗതയേറിയ ആക്രമണമാണ് ഗോളിലെത്തിയത്. വിങ്ങർ നൽകിയ കൃത്യമായ ഒരു ക്രോസ് (Cross) ബോക്സിനുള്ളിൽ തക്കം പാർത്തിരുന്ന റൗൾ ഹിമെനസിലേക്ക് എത്തി. ബോക്സിന്റെ മധ്യഭാഗത്തുണ്ടായിരുന്ന പരിചയസമ്പന്നനായ ഹിമെനസ് പന്ത് കൃത്യമായി വലയിലാക്കി. രണ്ടാം പകുതിയിൽ മെക്സിക്കോ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കൗണ്ടർ അറ്റാക്കുകളിലൂടെ മൂന്നാം ഗോൾ നേടാനായിരുന്നു മെക്സിക്കൻ നിര ശ്രമിച്ചത്.
ഒരു ഗോൾ മടക്കാനുള്ള എക്വഡോർ നീക്കങ്ങളെ മെക്സിക്കോ വിജയകരമായി പ്രതിരോധിച്ചു. കളിയിൽ ഉടനീളം മെക്സിക്കൻ പ്രതിരോധം 54 ക്ലിയറൻസുകളാണ് നടത്തിയത്. കളിയുടെ അവസാന മിനിറ്റുകളിൽ എകഡ്വോർ പത്ത് പേരിലേക്ക് ചുരുങ്ങി. വായ് പൊത്തി സംസാരിച്ചതിനാണ് വാർ പരിശോധനയിലൂടെ താരത്തിന് ചുവപ്പ് കാർഡ് നൽകിയത്. കനത്ത ഇടിമിന്നലും മഴയും കാരണം നിശ്ചയിച്ച സമയത്തേക്കാളും ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. ഗ്രൂപ്പ് റൗണ്ടിൽ മൂന്നു മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് മെക്സികോ നോക്കൗട്ടിലെത്തിയത്. ജർമനിയെ അട്ടിമറിച്ചാണ് എക്വഡോർ നോക്കൗട്ടിലേക്ക് മുന്നേറിയത്.
asddsdswa

