കെ.എം.സി.സി 22-)മത് രക്തദാന ക്യാന്പ് ഇന്ന്
മനാമ: കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നടത്തിവരുന്ന 22ാമത് ജീവൽസ്പർശം രക്തദാന ക്യാന്പ്, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് സൽമാനിയ ആശുപത്രി രക്ത ബാങ്കിൽ െവച്ച് നടത്തുമെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ക്യാന്പ് ഉച്ചയ്ക്ക് രണ്ട് മണി വരെ ഉണ്ടാകും.
ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായും മലബാർ ഗോൾഡുമായും സഹകരിച്ച് നടത്തുന്ന ക്യാന്പിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളടക്കമുള്ള നിരവധി പേർ രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ എട്ട് വർഷക്കാലമായി കെ.എം.സി.സി നടത്തി വരുന്ന ക്യാന്പിലൂടെ എല്ലാ രക്ത ഗ്രൂപ്പിലും ഉൾപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഡാറ്റയാണ് കെ.എം.സി.സിക്കുള്ളത്. ഇതിലൂടെ നിരവധി പേരുടെ ജീവൻ സംരക്ഷിക്കാനാവുകയും സ്വദേശികളടക്കമുള്ളവർക്കുണ്ടായിട്ടുള്ള അത്യാസന്ന ഘട്ടങ്ങളിൽ രക്തം നൽകുവാനുമായിട്ടുണ്ട്. മെഡിക്കൽ ക്യാന്പുകൾ നടത്തിവരുന്നത് കൂടാതെ മന്ത്രാലയത്തിന്റെ പ്രത്യേക ആവശ്യപ്രകാരം ആറോളം എക്സ്പ്രസ് ക്യാന്പുകളും കെ.എം.സി.സി ഇതിന് മുൻപ് നടത്തിയിട്ടുണ്ട്. കെ.എം.സി.സി യുടെ സേവനപ്രവർത്തനങ്ങൾ മാനിച്ചുകൊണ്ട് ബഹ്‌റൈൻ മന്ത്രാലയത്തിന്റെ അവാർഡും പ്രതിരോധ മന്ത്രാലയത്തിന്റെ റോയൽ മെഡിക്കൽ പുരസ്കാരവും ഇന്ത്യൻ എംബസിയുടെ പ്രത്യേക പ്രശംസയും സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ക്യാന്പിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി 51 അംഗങ്ങളടങ്ങിയ വിപുലമായ കമ്മിറ്റി രൂപീകരിച്ചതായും കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
അത്യാവശ്യ ഘട്ടങ്ങളിൽ ആളുകൾക്ക് രക്തം പെട്ടെന്ന് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളുടെ ഡാറ്റ അടങ്ങിയ ബ്ലഡ് ബുക്ക് എന്ന മൊബൈൽ ആപ്ലിക്കേഷനും ആദ്യമായി കെ.എം.സി.സി പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച ഈ ആപ്ലികേഷൻ കഴിഞ്ഞ മൂന്ന് മാസമായി പ്രവർത്തനം തുടങ്ങിയിട്ട്. ഈ ആപ്ലിക്കേഷനിലൂടെ ആർക്ക് എപ്പോൾ വേണമെങ്കിലും നേരിട്ട് വിവിധ ഗ്രൂപ്പുകളിലുള്ള രക്ത ദാദാക്കളെ കണ്ടെത്തുകയും നേരിട്ട് വിളിക്കാവുന്നതുമാണ്. കൂടാതെ കെ.എം.സി.സി ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്ന നന്പറുകളിലേയ്ക്ക് സന്ദേശം അയച്ചാൽ തത്സമയം പ്രവർത്തകർ എത്തി രക്തദാനം നടത്തി വരുന്ന സംവിധാനവും നിലവിലുണ്ട്.
ഇന്ന് നടക്കുന്ന രക്തദാന ക്യാന്പിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ 39841984, 39881099, 33161984 എന്നീ നന്പറുകളിലും സൗജന്യ വാഹനം ആവശ്യമായുള്ളവർ 33189006, 33782478 എന്നീ നന്പറുകളിലും ബന്ധപ്പെടേണ്ടതാണ്.
വാർത്താ സമ്മേളനത്തിൽ കെ.എം.സി.സി വൈസ് പ്രസിഡണ്ടുമാരായ ഷാഫി പാറക്കട്ട, സിദ്ദിഖ് കണ്ണൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ജീവൽസ്പർശം ജനറൽ കൺവീനർ എ.പി ഫൈസൽ, കൺവീനർ ഫൈസൽ കോട്ടപ്പള്ളി, മീഡിയ കോ-ഓർഡിനേറ്റർ ബാദുഷാ തേവലക്കര, മലബാർ ഗോൾഡ് ശാഖാ മാനേജർ മിർഷാദ് എന്നിവർ സംബന്ധിച്ചു.

