'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്രസർക്കാർ; ഐഎസ്ടി മാനദണ്ഡം നിർബന്ധമാക്കുന്നു
ശാരിക
ന്യൂഡൽഹി: രാജ്യത്തെ നിയമപരവും വാണിജ്യപരവും ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം "ലീഗൽ മെട്രോളജി-ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം-2026" ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. 2027 മാർച്ച് മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളും ഐഎസ്ടി നിർബന്ധമായും പാലിക്കേണ്ടതുണ്ട്.
ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനകം പ്രാബല്യത്തിൽ വരുന്ന ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി നിയമപ്രകാരം പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച കേന്ദ്രീകൃത സമയക്രമം ഉപയോഗിക്കുന്നതിലൂടെ സമയ വ്യതിയാനങ്ങളും ഡിജിറ്റൽ ആശയക്കുഴപ്പങ്ങളും പൂർണ്ണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം.
രാജ്യത്തെ നിയമപരമായ ഇടപാടുകൾ, കരാറുകൾ, വാണിജ്യ-സാമ്പത്തിക ഇടപാടുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഭരണനടപടികൾ എന്നിവയിൽ കൃത്യമായ ഏകീകൃത സമയം ഉറപ്പാക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
കൂടാതെ, ഏകീകൃത സമയക്രമം പാലിക്കുന്നത് ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഗതാഗതം, ടെലികോം അടക്കമുള്ള നിർണായക മേഖലകളിൽ കൂടുതൽ ഏകോപിതമായ സമയക്രമം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
aa

