കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍


കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാടിയോട്ടുചാല്‍ സ്വദേശിനി പി പി ശോഭ (45)യെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ശോഭയാണ് ഷിജുവിന് കള്ളനോട്ട് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച കണ്ണൂര്‍ തെക്കീബസാറിലെ ബാറില്‍ മദ്യപിച്ച ശേഷം ബില്ലടയ്ക്കാന്‍ കള്ളനോട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബില്‍ത്തുകയില്‍ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബില്‍ ഫോള്‍ഡറില്‍ വെച്ച് കടന്നുകളയുകയായിരുന്നു. ബാര്‍ ജീവനക്കാരന്റെ പരാതിയില്‍ സിസി ടിവി പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടുന്നത്.

ഇയാളുടെ പക്കല്‍ നിന്നും 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും പിന്നീട് പൊലീസ് കണ്ടെത്തി. മെക്കാനിക്കായ തനിക്ക് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കിട്ടിയ കൂലിയാണെന്നാണ് ആദ്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പണം നല്‍കിയത് ശോഭയാണെന്ന് സമ്മതിച്ചത്. അതേസമയം കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോള്‍ പമ്പില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം മറ്റൊരു യുവാവ് 500 രൂപ നല്‍കിയിരുന്നു. പമ്പ് ജീവനക്കാരന് സംശയംതോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കണ്ണൂരില്‍ നിന്ന് പിടിച്ച കള്ളനോട്ടുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടത്.

ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്‌ടോപ്പും കസ്റ്റഡിലെടുത്തു. ഇവര്‍ കാസര്‍കോട് ജില്ലയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി ഇവര്‍ പിണങ്ങി താമസിക്കുകയാണ്. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘത്തിന്റെ താവളങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

article-image

erererer

You might also like

Most Viewed