കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തട്ടി ചിന്താ ജെറോമിന് പരിക്ക്; മനഃപൂർവം ഇടിപ്പിച്ചതെന്ന് ആരോപണം


കൊല്ലം:

സിപിഎം സംസ്ഥാന സമിതി അംഗവും യുവജനക്ഷേമ ബോർഡ് മുൻ അധ്യക്ഷയുമായ ചിന്താ ജെറോമിന് വാഹനാപകടത്തിൽ പരിക്ക്. ഇതിന് പിന്നാലെ അപകടം മനപൂർവം ഉണ്ടാക്കിയതാണെന്ന ആരോപണവുമായി ഇടത് നേതാക്കളും ചിന്തയും രംഗത്തെത്തി. വിഷയം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രിയോടെ തിരുമുല്ലവാരത്താണ് സംഭവം നടന്നത്. ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങവേ കോൺഗ്രസ് പ്രവർത്തകന്റെ വാഹനം പിന്നോട്ട് എടുത്തപ്പോൾ ചിന്തയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മനപൂർവം വാഹനം ഇടിക്കുകയായിരുന്നു എന്ന് കാട്ടി ചിന്ത പോലീസിൽ പരാതി നൽകുകയും ചെയ്‌തു. പ്രതികൾക്ക് ചിന്തയുമായി ഉള്ള രാഷ്ട്രീയ വൈരാഗ്യം കാരണമാണ് അപകടം ഉണ്ടാക്കിയതെന്നാണ് ആരോപണം.

ചർച്ചയ്ക്കിടെ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കോളം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടാവുന്നതും ചിന്തയുടെ പരാതി ഉയരുന്നതും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്‌ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെയാണ് ചിന്ത പരാതി നൽകിയത്. ഇതിൽ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൊല്ലം വെസ്‌റ്റ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സെയ്‌ദലി മനഃപൂർവം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. അപകടത്തിന് പിന്നാലെ ചിന്തയെ പാലത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചിന്ത ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ അപകടം മനഃപൂർവം ഉണ്ടാക്കിയതാണെന്നും, അസഭ്യം പറഞ്ഞുവെന്നുമുള്ള ആരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചു. കാർ അറിയാതെ തട്ടിയതാണെന്ന് ചിന്ത തന്നെ പറഞ്ഞിരുന്നതായാണ് കോൺഗ്രസ് പ്രവർത്തകർ നൽകുന്ന വിശദീകരണം. അതേസമയം, അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ചിന്തയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ജില്ലാ സെക്രട്ടറി സുദേവൻ എന്നിവർ സന്ദർശിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed