സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിലെ പരസ്യ വിമര്‍ശനം കമ്യൂണിസ്റ്റ് രീതിയല്ല; മന്ത്രി പി. പ്രസാദ്


തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിലെ പരസ്യ വിമര്‍ശനം കമ്യൂണിസ്റ്റ് രീതിയല്ലെന്ന് മന്ത്രി പി.പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി സി.പി.ഐയിൽ രണ്ട് പക്ഷം ഇതോടെ പ്രകടമായി. മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ തുറന്നടിച്ചിരുന്നു. മന്ത്രി പി. പ്രസാദ് ഈ പ്രതികരണത്തിലൂടെ ഇസ്മയിലിനെ തള്ളിപ്പറഞ്ഞു. ഇസ്മയിൽ ഉയർത്തിയ വിവാദം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നാണ് പ്രസാദിന്‍റെ വിമര്‍ശനം. കാനം രാജേന്ദ്രന്‍റെ വിയോഗത്തിന് ശേഷം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ രീതിയിൽ സി.പി.ഐക്ക് അകത്ത് വലിയ അമര്‍ഷം പുകയുന്നുണ്ട്. കെ ഇ ഇസ്മയിൽ എതിര്‍പ്പ് തുറന്ന് പറഞ്ഞപ്പോൾ പരസ്യമായ അഭിപ്രായ പ്രകടനത്തിന് തയാറാകാത്ത അതൃപ്തര്‍ ധാരാളം പാര്‍ട്ടിക്കകത്ത് ഉണ്ട്. 28 ന് ചേരുന്ന സംസ്ഥാന കൗൺസിൽ എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കാനിരിക്കെ പാര്‍ട്ടി വേദികളിൽ അസംതൃപ്തി തുറന്ന് പറയാൻ കൂടുതൽ നേതാക്കൾ മുന്നോട്ട് വരുമെന്നാണ് പലരുടെയും പ്രതീക്ഷ. ഇതിനിടെയാണ് പക്ഷങ്ങൾ പ്രകടമാക്കി മന്ത്രി പി. പ്രസാദിന്‍റെ പ്രതികരണം.

പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ എക്സിക്യൂട്ടീവ് ആണ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത് എന്നിരിക്കെ അതിൽ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ് മന്ത്രി ചോദിക്കുന്നത്. പാര്‍ട്ടിയിലെ കീഴ്‌വഴക്കം ലംഘിച്ചാണ് തിടുക്കത്തില്‍ ബിനോയ് വിശ്വത്തെ നിയമിച്ചതെന്നാണ് ഇസ്മയിലിന്റെ പ്രധാന വിമർശനം. അന്തരിച്ച കാനം രാജേന്ദ്രന്‍റെ കത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ വിവാദം ശക്തമാവുമെന്നാണ് വിമർശനം നൽകുന്ന സൂചന. സി.പി.ഐയില്‍ നേരത്തേ തന്നെ ആഭ്യന്തര പ്രശ്‌നം രൂക്ഷമായിരുന്നെങ്കിലും ഇസ്മയില്‍ പക്ഷത്തെ പൂര്‍ണമായും വെട്ടിനിരത്തിയാണ് കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം നേതൃത്വം പിടിച്ചെടുത്തത്. കാനത്തിന്റെ വിയോഗത്തിനു ശേഷം നേതൃസ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിരവധി നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും കാനത്തിന്‍റെ വിശ്വസ്തരില്‍ പ്രധാനിയായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാന്‍ ഒടുവില്‍ സി.പി.ഐ തീരുമാനിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed