ആലുവ പീഡനം: പ്രതിയെ സഹായിച്ച രണ്ടുപേർ കസ്റ്റഡിയിൽ

ആലുവ: വീടിനുള്ളിൽ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെക്കൂടി പൊലീസ് കസ്‌റ്റഡിയിലെടുത്തു. പിടിയിലായ പ്രതി ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജ് മോഷ്ടിക്കുന്ന മോബൈൽ ഫോണുകൾ സ്ഥിരമായി വിറ്റിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. ഇരുവരേയും കാണാൻ ക്രിസ്‌റ്റിൽ രാജ് എടയപ്പുറത്ത് പലതവണ എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇരുവർക്കും കുട്ടിയുടെ വീടിരിക്കുന്ന പ്രദേശത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്നും മൊബൈൽ മോഷ്ടിക്കാനുള്ള വീട് പ്രതിക്ക് പറഞ്ഞുകൊടുത്തത് ഇവരാണെന്നുമാണ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛൻ വീട്ടിലില്ലെന്നും പുറത്തുപോയെന്നുമുള്ള വിവരം നൽകിയതും ഈ രണ്ടുപേരാണെന്നാണ് പൊലീസ് നിഗമനം. ക്രിസ്‌റ്റിലിന്റെ കൈയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയുടേതടക്കം ഒമ്പത് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ, പിടികൂടുമ്പോൾ ഇയാളുടെ കൈയിൽ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്‌റ്റിലിന്റെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
FGHFGHFGHFGH