മുൻ പ്രിൻസിപ്പൽ എം രമയുടെ വാദങ്ങൾ പൊളിഞ്ഞു; കാസർഗോഡ് കോളേജിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ ഇ− കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം


സർക്കാർ കോളേജിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്ക് കണ്ടെന്ന വിദ്യാർത്ഥികളുടെ പരാതി സത്യമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത്. കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർത്ഥികളും പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കുതർക്കവും തുടർന്നുനടന്ന സമരവും വാർത്തയായതിന് പിന്നാലെ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നിരിക്കുകയാണ്.കോളേജിലെ പ്യൂരിഫയറിൽ നിന്ന് ശേഖരിച്ച വെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ− കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഇതോടെ മുൻ പ്രിൻസിപ്പൽ എം രമയുടെ വാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. കോളേജിൽ വിതരണം ചെയ്യുന്ന വെള്ളം മലിനമല്ലെന്നും താൻ പരിശോധിച്ചതാണെന്നുമായിരുന്നു വിദ്യാർത്ഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് എം രമയുടെ വാദം. ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് വിൽപ്പന സജീവമാണെന്നും എസ് എഫ് ഐക്കാരുടെ നേൃതത്വത്തിൽ ക്യാംപസിൽ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമെന്നും രമ ആരോപിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്യാംപസിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്ക് കണ്ടതിനെത്തുടർന്ന് പരാതിപ്പെടാൻ എത്തിയ വിദ്യാർത്ഥികൾ തനിക്കുമുന്നിൽ ഇരിക്കാൻ പാടില്ലെന്ന നിലപാടെടുത്ത പ്രിൻസിപ്പൽ ഈ വെള്ളം തന്നെ കുടിച്ചാൽ മതി, തനിക്കിപ്പോൾ സമയമില്ലെന്ന് പ്രതികരിച്ചുവെന്നാണ് പരാതി ഉയർന്നത്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തതോടെ പ്രിൻസിപ്പൽ എം രമ പുറത്തിറങ്ങി ചേംബറിനുള്ളിൽ പതിനഞ്ചോളം വിദ്യാർത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതി ഉയർന്നിരുന്നു. വിദ്യാർത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തിൽ ഇടംനേടിയയാളാണ് എം രമ.

എസ് എഫ് ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്തുനിന്നും സർക്കാർ നീക്കിയിരുന്നു. പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് തന്റെ ഭാഗം കേൾക്കാതെയാണെന്ന് രമ ആരോപിച്ചു. വിദ്യാർത്ഥികൾക്കെതിരായ കേസിൽ ഉറച്ചുനിൽക്കുന്നുവെന്നും എം രമ വ്യക്തമാക്കി. രമയുടെ പരാതിയിൽ 60 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുകയാണ്. അതേസമയം, ലഹരി, അസന്മാർഗിക ആരോപണങ്ങൾക്കെതിരെ രമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

article-image

23564ew6

You might also like

Most Viewed