പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് നിരോധനം

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വെജിറ്റബിൾ മയോണൈസ് എന്ന നിർദേശം ഹോട്ടൽ ഉടമകൾ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. വെജിറ്റബിവൾ മയോണൈസും പാസച്വറൈസ്ഡ് മുട്ടയും ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്‌സലുകളിൽ സ്റ്റിക്കർ നിർബന്ധമാക്കും. എത്ര മണിക്കൂറിനകം പാഴ്സലിലുളള ഭക്ഷണം കഴിക്കാമെന്നും പാഴ്ക്ക് ചെയ്ത സമയവും സ്റ്റികറിൽ രേഖപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണ്. ഹോട്ടലുകളിലെ അടുക്കളകളിൽ ശുചിത്വം ഉറപ്പാക്കേണ്ടതാണ്. വൃത്തിയുളള ഹോട്ടലുകൾ ആപ്പിലൂടെ അറിയാം. ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ശുചിത്വം അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
ഓഡിറ്റോറിയങ്ങളിൽ ഭക്ഷണ വിതരണത്തിന് അനുമതി എഫ്എസ്എസ്എ ലൈസൻസ് ഉള്ളവർക്ക് മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഏർപ്പെടുത്താൻ ടാസ്ക് ഫോഴ്സിനെ രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും അവർ പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളിൽ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ ബുധനാഴ്ച അറിയിച്ചിരുന്നു. വേവിക്കാതെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. അസോസിയേഷന്റെ കീഴിൽ വരുന്ന ബേക്കറികളിലും അനുബന്ധ റെസ്‌റ്റോറന്റുകളിലും നോൺ വെജ് മയോണൈസുകൾ വിളമ്പില്ലെന്നും സർക്കാരിന്റെ ഭക്ഷ്യ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും ബേക്കേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു.
ytftyy