ലാഭക്കൊയ്ത്തുമായി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി

കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി വൻ വിജയം. 2021 നവംബർ മുതൽ 2022 ഒക്ടോബർ വരെ 10,45,06,355 രൂപയുടെ വരുമാനമാണ് പദ്ധതിവഴി ലഭിച്ചതെന്നാണ് റിപ്പോർട്ട്. കോർപ്പറേഷന്റെ ചരിത്രത്തിൽ, ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. മൊത്തം 1,94,184യാത്രക്കാർ യാത്രചെയ്തു. സഞ്ചരിച്ച കിലോമീറ്റർ 7,77,401. ഇതിൽ നിന്നാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്.
കേരളത്തിന് പുറത്തേക്കും പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പുറമേ മറ്റ് ഏജൻസികളുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ കേരളത്തിനുള്ളിൽ ബസ്സിനുള്ളിൽത്തന്നെ താമസസൗകര്യത്തോടെയുള്ള ടൂർ പാക്കേജുകളും ലക്ഷ്യമിടുന്നുണ്ട്. ബസ്സിനുള്ളിൽ താമസവും ഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി 2023ഓടെ നടപ്പാക്കാനാണ് പദ്ധതി. എന്നാൽ ബസുകളുടെ ദൗർലഭ്യം ഒരു പ്രധാന വെല്ലുവിളിയാണ്.
നിലവിൽ തിരഞ്ഞെടുത്ത 22 സ്ഥലങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി. വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. അതിൽ മൂന്നാർ ട്രിപ്പുകൾക്കാണ് സഞ്ചാരികളേറെയും. ഏറ്റവുമധികം യാത്രക്കാർ വരുന്നതും മൂന്നാറിലേക്കാണ്. നിലവിൽ 10 ജില്ലകളിൽ നിന്ന് അവിടേക്ക് യാത്ര ഒരുക്കുന്നുണ്ട്. തൊട്ടുപിന്നിൽ കൊച്ചിയിലെ ആഡംബര കപ്പലിലേക്കുള്ള യാത്രയ്ക്കാണ് (നെഫർ ടിറ്റി പാക്കേജ്) സഞ്ചാരികളേറെയുള്ളത്. മലക്കപ്പാറ സർവീസുകളാണ് വരുമാനത്തിൽ മൂന്നാമതുള്ളത്. ജംഗിൾ സഫാരി, നാലമ്പലം, വാഗമൺ, വയനാട് പാക്കേജുകളാണ് തൊട്ടുപിന്നിലായുള്ളത്. കുമരകം, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, നെല്ലിയാമ്പതി, ആലപ്പുഴ, മൺഡ്രോ തുരുത്ത് സർവീസ് തുടങ്ങിയവയ്ക്കും സഞ്ചാരികളുണ്ട്. കഴിഞ്ഞ മാസം തുടങ്ങിയ ഗവി ട്രിപ്പുകൾക്കും നല്ല സ്വീകാര്യതയാണുള്ളത്.
ു്ീു