ശശി തരൂർ വിഷയം; മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയാറാക്കുന്നതെന്ന് വിഡി സതീശൻ

ശശി തരൂർ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയാറാക്കുന്നതെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പാർട്ടിയിൽ ഒരു തരത്തിലുള്ള സമാന്തര പ്രവർത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
വിലക്ക് വിവാദത്തിൽ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വിഡി സതീശന്റെ വിമർശനങ്ങൾ. ഏത ഉന്നതനായാലും കോൺഗ്രസിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ പ്രവർത്തനവും അനുവദിക്കില്ലെന്ന് വി ഡി സതീശന്‍ ആഞ്ഞടിച്ചു. കേരളത്തിലെ കോൺഗ്രസിൽ മറ്റൊരു സംവിധാനം വരുന്നുണ്ടെന്നാണ് പല മാധ്യമങ്ങളുടേയും തലക്കെട്ടുകൾ. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ഒരു ബലൂൺ മാത്രമാണ്. ഒരു സൂചിമുന കൊണ്ട് കുത്തിയാൽ വാർത്തകൾ പൊട്ടിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാർട്ടിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്നുമുണ്ടായാൽ അതിനെ ഗൗരവത്തോടെ സമീപിക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. എല്ലാവരോടും കൂടിയാലോചനകൾ നടത്തിയാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നത്. കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള അജണ്ട ചിലർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങൾ ഉൾപ്പെടെ ആര് ഇത്തരം അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാലും അത് തടയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
fjgj