കല്ലുവാതുക്കൽ മദ്യദുരന്തം; പ്രതി മണിച്ചനെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പിഴത്തുക ഒഴിവാക്കി ഇയാളെ വിട്ടയയ്ക്കണമെന്ന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. നിയമപോരാട്ടത്തിനൊടുവിൽ മണിച്ചന്‍ ഉൾപ്പടെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ 33 തടവുകാരെ വിട്ടയക്കാൻ സംസ്ഥാനസർക്കാർ ഉത്തരവിറങ്ങിയിരുന്നു. 30.45 ലക്ഷം രൂപ പിഴത്തുക ഈടാക്കാതെ മണിച്ചനെ വിട്ടയയ്ക്കാനാവില്ലെന്നായിരുന്നു ഉത്തരവ്. ഇത് ചോദ്യം ചെയ്ത് മണിച്ചന്‍റെ ഭാര്യ നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റീസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരാൾക്ക് പിഴത്തുക നൽകാന്‍ പണമില്ലാത്തതിന്‍റെ പേരിൽ ദീർഘകാലം ജയിലിടാനാകുമോ എന്ന് കോടതി ചോദിച്ചു.
എട്ട് ലക്ഷം രൂപ പിഴ ഒഴിവാക്കിയാണ് ഇയാളുടെ സഹോദരങ്ങളെ നേരത്തെ വിട്ടയച്ചത്. സമാനരീതിയിൽ പിഴത്തുക ഒഴിവാക്കി മണിച്ചനെ വിട്ടയയ്ക്കാനാണ് കോടതി നിർദേശം. പിഴത്തുക മദ്യദുരന്തത്തിലെ ഇരകൾക്കു നൽകാനുള്ളതാണെന്നു സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ സർക്കാരിന് ഇതിനായി പ്രത്യേക പദ്ധതികളില്ലേ എന്നും കോടതി ചോദിച്ചു. 2000 ഒക്ടോബർ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ മദ്യദുരന്തം ഉണ്ടായത്. 31 പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ആറ് പേരുടെ കാഴ്ച നഷ്ടമായി. മണിച്ചനും കൂട്ടു പ്രതികൾക്കും ജീവപര്യന്തമാണ് വിധിച്ചത്. കേസിലെ ഒന്നാംപ്രതി ഹൈറുന്നീസ ശിക്ഷയ്ക്കിടെ ജയിലിൽവച്ച് മരിച്ചു.
