കർണാടകയിൽ നേതൃമാറ്റ ചർച്ചകൾ; രാഹുൽ ഗാന്ധിയെ കാണാൻ അനുമതി തേടി സിദ്ധരാമയ്യ
ഷീബ വിജയൻ
ബംഗളൂരു: കർണാടക ഭരണതലപ്പത്തെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. മുഖ്യമന്ത്രി കസേരയെച്ചൊല്ലി നിരന്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ ഈ നീക്കം. ഭരണത്തിൽ വ്യക്തത വരുത്തണമെന്നും മന്ത്രിസഭാ വിപുലീകരണത്തിന് അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടുമെന്ന ധാരണയുണ്ടെന്ന പ്രചരണത്തെ തുടർന്ന് ശിവകുമാർ പക്ഷത്തെ എം.എൽ.എമാർ നേതൃമാറ്റത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ സിദ്ധരാമയ്യ അഞ്ച് വർഷം തികയ്ക്കുമെന്ന് ഹൈക്കമാൻഡ് ആവർത്തിക്കുന്നു. ഭരണത്തിൽ ശ്രദ്ധിക്കാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് പോരടിക്കുകയാണെന്ന് ബി.ജെ.പി പരിഹസിക്കുമ്പോൾ, തങ്ങൾ തമ്മിൽ ഭിന്നതകളില്ലെന്നാണ് നേതാക്കളുടെ ഔദ്യോഗിക നിലപാട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച കർണാടക രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.
adsaasdasdas

