5,000 രൂപയ്ക്ക് എംജി റോഡിൽ പാർക്കിങ്; തിരുവനന്തപുരം മേയറുടെ നടപടി വിവാദത്തിൽ

തലസ്ഥാന നഗരത്തില വാഹനത്തിരക്കിനിടയിൽ എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച തിരുവനന്തപുരം കോർപ്പറേഷൻ നടപടി വിവാദത്തിൽ. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയത്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി.
ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോർപ്പറേഷൻ സെക്രട്ടറിയും കരാറിൽ ഒപ്പ് വെച്ചു. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേർന്നത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിംഗ് അനുമതി നൽകിയത്.
നേരത്തെ പൊതു ജനങ്ങളിൽ നിന്നും പത്ത് രൂപ ഈടാക്കി പാർക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ മറ്റുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകൾ തടയുന്നത് പതിവായി. ഇത് പലപ്പോഴും വാക്ക് തർക്കത്തിൽ കലാശിക്കും.