ബഹ്റൈനിലെ ഫുഡ് ട്രക്കുകളുടെ മേഖല മാറ്റിസ്ഥാപിക്കും; ഉടമകളുടെ ഉപജീവനമാർഗം സംരക്ഷിക്കുമെന്ന് സർക്കാർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്റൈനിലെ നാഷണൽ ചാർട്ടർ ഹൈവേയിലും മറ്റ് പ്രധാന മേഖലകളിലും പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം നടപ്പിലാക്കുമ്പോൾ ഉടമകളുടെ ഉപജീവനമാർഗത്തെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമായി ഫുഡ് ട്രക്കുകൾ മാറ്റാനുള്ള സതേൺ മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ എംപിമാർ സമർപ്പിച്ച അടിയന്തര പ്രമേയം അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിലെ സ്ഥലങ്ങളിൽ നിന്ന് മാറ്റുന്നതിന് മുൻപായി ആവശ്യമായ പാർക്കിംഗ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള അനുയോജ്യമായ പകരം സ്ഥലങ്ങൾ കണ്ടെത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി ആരംഭിച്ചു കഴിഞ്ഞു.
മുൻകൂർ നോട്ടീസ് നൽകാതെ ഫുഡ് ട്രക്കുകൾ മാറ്റുന്നത് ബാങ്ക് വായ്പയെടുത്ത് ബിസിനസ് നടത്തുന്ന ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഏകദേശം 500-ഓളം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നും പാർലമെന്റിൽ മുഹമ്മദ് അൽ ഒലൈവി ഉൾപ്പെടെയുള്ള എംപിമാർ ചൂണ്ടിക്കാട്ടി. പുതിയ സ്ഥലങ്ങൾ നിശ്ചയിക്കുമ്പോൾ കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാകരുത്, റോഡ് കാഴ്ചകൾ മറയ്ക്കരുത്, താമസസ്ഥലങ്ങൾക്ക് തൊട്ടുമുന്നിലോ റോഡ് റിസർവ് ഏരിയയിലോ ആയിരിക്കരുത് തുടങ്ങിയ നിബന്ധനകൾ സർക്കാർ മുൻപോട്ടു വെച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം മതിയായ പാർക്കിംഗ് സൗകര്യവും വസ്തു ഉടമകളുടെ രേഖാമൂലമുള്ള അനുമതിയും നിർബന്ധമാക്കിയിട്ടുണ്ട്. ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാൻ ഉടമകൾക്ക് ആവശ്യമായ സഹായം നൽകണമെന്ന എംപിമാരുടെ ആവശ്യവും സർക്കാർ പരിഗണിക്കും.
dfgdfg


