കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയിൽ നിന്നും 50 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു


കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് എയർപോർട്ട് പോലീസ് സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി എംവി ഹുസൈനാണ് 50 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത്.

വിമാനത്താവളത്തിൽ എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. എന്നാൽ പ്രതിയുടെ രീതികളിൽ സംശയം തോന്നിയ എയർപോർട്ട് ഇൻസ്‌പെക്ടർ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇരുമ്പുപെട്ടിയുടെ രൂപത്തിലാണ് മെർക്കുറി പുരട്ടിയ സ്വർണം കണ്ടെടുത്തത്. പ്രതിയെയും സ്വർണവും തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി.

സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് നാൾക്കു നാൾ വാർദ്ധിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അതേസമയം പരശോധന കർശനമാക്കിയിട്ടും എന്തു കൊണ്ടാണ് സ്വർണ്ണം കടത്തുന്നവരിൽ കുറവ് സംഭവിക്കാത്തത് എന്ന ചോദ്യം പല ഭാഗങ്ങളിൽ നിന്നായി ഉയരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed