ഇസ്രയേലിൽ‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂർ‍, കോഴിക്കോട് സ്വദേശികൾ‍ നാടുവിട്ടെന്ന് സൂചന


ഇസ്രയേലിൽ‍ മലയാളികളെ ചിട്ടിത്തട്ടിപ്പിൽ‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂർ‍ സ്വദേശി ലിജോ ജോർ‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് മലയാളികളിൽ‍ നിന്ന് തന്നെ പണം തട്ടിയെടുത്ത് നാടുവിട്ടത്. സംഭവത്തിൽ‍, ഇസ്രയേൽ‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. വർ‍ഷങ്ങളായി ഇസ്രയേലിൽ‍ പെർ‍ഫെക്ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളിൽ‍ നിന്നായി 18 കോടിക്ക് മുകളിലാണ് പ്രതികൾ‍ തട്ടിയെടുത്തത്.നാട്ടിലെത്തി സ്ഥലം വാങ്ങാനും വീട് പണിയാനും ഉൾ‍പ്പെടെ സ്വപ്‌നം കണ്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ഇതോടെ വെള്ളത്തിലായി.

ഇസ്രയേലിൽ‍ ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം ചിട്ടിക്കമ്പനിയിൽ‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. നേട്ടമുണ്ടാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവർ‍ പിന്നീടറിഞ്ഞത് മലയാളികളായ ചിട്ടിക്കമ്പനി നടത്തിപ്പുകാർ‍ നാടുവിട്ടെന്ന വാർ‍ത്ത.

50 കോടി രൂപയാണ് പെർ‍ഫെക്ട് കുറി ഉടമകൾ‍ ഇസ്രയേലിൽ‍ നിന്ന് മാത്രം പിരിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിലെ മിന്നുന്ന പരസ്യം കണ്ട് 5 ലക്ഷം മുതൽ‍ 25 ലക്ഷം വരെ, ചിട്ടിക്ക് നൽ‍കിയവർ‍ ഇപ്പോൾ‍ നാട്ടിലേക്ക് മടങ്ങാൻ പോലും കഴിയാത്ത ഗതികേടിലാണ്. ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്ന് തട്ടിപ്പിനിരയായവർ‍ പറയുന്നു.

ഇസ്രയേൽ‍ പൊലീസിന് പരാതി നൽ‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. കണ്ണൂർ‍ സ്വദേശി ലിജോയും കോഴിക്കോട് സ്വദേശി ഷൈനിയും രാജ്യം വിട്ടെന്നാണ് പൊലീസ് പറയുന്നത്. അവസാന ആശ്രയമായി ഇസ്രയേൽ‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിക്ഷേപകർ‍.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed