കൊച്ചിയിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാറൊഴിച്ചു; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി


കൊച്ചി ചെലവന്നൂരിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐപിസി 308, 326 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടന്ന സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. സംഭവത്തിൽ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൃഷ്ണപ്പനാണ് ടാർ ഒഴിച്ചതെന്നാണ് സൂചന. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് പരുക്കേറ്റവരുടെ പരാതി.

അതേസമയം വാഹനയാത്രക്കാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപണ വിധേയർ പൊലീസിനോട് പറഞ്ഞു. വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ കൃഷ്ണപ്പൻ്റെ കൈയിലുണ്ടായിരുന്ന ടാർ യാത്രക്കാരുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നും അത് മനഃപൂർവമല്ലെന്നും പ്രതികൾ പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തർക്കതിനിടെയാണ് സംഘർഷം ഉണ്ടായത്. ആക്രമണത്തിൽ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്കാണ് ഗുരുതര പൊള്ളലേറ്റത്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കൾ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

ടാർ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മുന്നറിയിപ്പ് ബോർഡുകൾ വച്ചില്ല എന്ന് യാത്രക്കാർ ചോദ്യം ചെയ്‌തു. തുടർന്നാണ് തർക്കം ഉണ്ടായത്. ടാർ ഒഴിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാർ പറഞ്ഞത്. തർക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികൾ ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതിനെ തുടർന്ന് ടാർ ഒഴിച്ച തൊഴിലാളികൾ ഓടി മറയുകയായിരുന്നു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാർ ഒഴിച്ചത്. മുന്നറിയിപ്പ് ബോർഡ്‌ വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരൻ ടാർ ഒഴിച്ചതെന്ന് യുവാക്കൾ പറയുന്നു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed