ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം, ഇത്തിക്കരയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്‍റെ മൃതദേഹമാണ് ലഭിച്ചത്. ഇന്നു രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പള്ളിമണ്‍ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സുഹൃത്തുക്കൾക്കൊപ്പം ആറ്റിലിറങ്ങിയ യുവാവാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ശക്തമായ ഒഴുക്കിൽപെട്ടെങ്കിലും കൂടെയുണ്ടായിരുന്ന മൂന്നു പേർ നീന്തി രക്ഷപെട്ടിരുന്നു.
തുടർന്ന് മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാത്രിയോടെ സംഘം തെരച്ചിൽ നിർത്തി വച്ചിരുന്നു. ഇന്നു രാവിലെ ഇവരെത്തുന്നതിന് മുന്പ് നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സമീപത്ത് കൃഷി ആവശ്യത്തിനായി കെട്ടിനിര്‍ത്തിയിരുന്ന വെള്ളം തുറന്നു വിട്ടിട്ടുണ്ടെന്നു നാട്ടുകാര്‍ യുവാക്കളെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ആറ്റിലിറങ്ങിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.