പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കായിക ടീമുകളുണ്ടാക്കി തിരുവനന്തപുരം നഗരസഭ; വ്യാപക വിമര്‍ശനം

വിവിധ കായിക ഇനങ്ങളില്‍ തിരുവനന്തപുരം നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ടീമുണ്ടാക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം.
ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയത്.
ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്‌സി-എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചത്.
സാമൂഹികമായും സാംസ്‌കാരികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ മനുഷ്യരെ പ്രത്യേക ശ്രദ്ധ നല്‍കി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഭാഗഭാക്കാക്കുക എന്ന ഭരണഘടന ലക്ഷ്യം മറികടന്ന് പ്രത്യേകമായ ടീമുണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും വിമര്‍ശനമുണ്ട്.
ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണത്തിന്റെ അന്ത:സത്ത മനസ്സിലാക്കാതെയുള്ള നടപടിയാണ് നഗരസഭയുടേതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.