കരുവന്നൂർ ബാങ്ക് ക്രമക്കേട്; ‘വധഭീഷണിയിൽ അന്വേഷണം അട്ടിമറിച്ചു’; എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണം

കരുവന്നൂർ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയിൽ അന്വേഷണം അട്ടിമറിക്കാൻ മുന്‍മന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം. അഞ്ച് വർഷം മുന്പ് പാർട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അഞ്ചുവർഷം മുന്പ് കരുവന്നൂർ ബാങ്കിൽ ക്രമക്കേടുണ്ടെന്ന് പാർട്ടിക്കകത്ത് ഉന്നയിച്ചയാളാണ് സുജേഷ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി ഉറപ്പുനൽകിയിട്ടും ഒന്നും നടക്കാത്തിനെ തുടർന്ന് സുജേഷ് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. ഇതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നത്. ക്രമക്കേടിൽ ജില്ലാ സെക്രട്ടേറിയേറ്റംഗമായ സികെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സുജേഷ് പറഞ്ഞു.
ബാങ്ക് പ്രസിഡന്റും കേസിലെ പ്രതിയുമായ കെ.കെ ദിവാകരൻ ഉൾപ്പെടുന്ന ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു ആരോപണമുന്നയിച്ച സുജേഷ്. വിഷയത്തിൽ തെളിവ് സഹിതം പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുജേഷ് പറയുന്നു.
‘മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന് പൊലീസുദ്യോഗസ്ഥർ തന്നോട് പറഞ്ഞതാണ്. എ.സി മൊയ്തീനും കേസിലെ പ്രതിയായ ജിൽസും ബിജു കരീമും തമ്മിൽ ബന്ധമുണ്ട്. ക്രമക്കേടിൽ ജില്ലാ സെക്രട്ടേറിയേറ്റംഗമായിരുന്ന സി.കെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ല. പ്രതികളെ അദ്ദേഹം വിശ്വാസത്തിലെടുത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം.
മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ ഏകാധിപതിയെ പോലെ പെരുമാറിയതും പിഴവായി. അഞ്ചുവർഷം താൻ ഈ വിഷയം ഉയർത്തി പാർട്ടിക്ക് അകത്ത് പോരാടി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. ഇത് നടക്കാതെ വന്നപ്പോഴാണ് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയത് എന്നും സുജേഷ് കണ്ണാട്ട് പറയുന്നു.