യുവമോർച്ച നേതാവിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. എസ്ഡിപിഐ നേതാവും സുള്ള്യ സവനുർ സ്വദേശിയുമായ സക്കീർ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയാണ് ഇരുവരെയും കർണാടക പൊലീസ് പിടികൂടിയത്. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 21 പേർ പൊലീസ് കസ്റ്റഡിയിലാണ്.
കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ കർണാടകയിൽ പ്രതിഷേധം വ്യാപകമായിരുന്നു. ദക്ഷിണ കന്നഡ, കൊപ്പാൽ ജില്ലകളിലെ കൂടുതൽ യുവമോർച്ച പ്രവർത്തകർ ബിജെപി നേതൃത്വത്തിന് കൂട്ടരാജി നൽകി. പാർട്ടി പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം.പ്രവീണ്‍ നെട്ടാരുവിന്റെ വീട് സന്ദർശിക്കാന്‍ ബിജെപി നേതാക്കളെ പ്രവർത്തകർ അനുവദിച്ചിരുന്നില്ല. നേതാക്കളുടെ കാറുകൾ തടഞ്ഞായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമാകുന്നതിനിടെ ബൊമ്മെ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷവും റദ്ദാക്കി.