കടൽത്തീരത്ത് ക്ലാസ്, കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവും: 49 പേർ ആശുപത്രിയിൽ

കടൽത്തീരത്ത് നടത്തിയ ക്ലാസിനിടെ കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവും. മരക്കാപ്പ് ഫിഷറീസ് ഗവ. ഹൈസ്‌കൂളിലെ 49 വിദ്യാർഥികൾക്കാണ് അസ്വസ്ഥതയുണ്ടായത്. 42 പേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30−ഓടെയായിരുന്നു സംഭവം. സ്‌കൂളിന്റെ മതിലിനപ്പുറം കടൽത്തീരമാണ്.
ശുചിത്വ ബോധവത്കരണത്തിനായി അഞ്ച്, ആറ്, ഏഴ് ക്ലാസിലെ പെൺകുട്ടികളെയാണ് കടപ്പുറത്തെത്തിച്ചത്. കടൽക്കാറ്റ് വീശിയതോടെ കുട്ടികളിൽ പലരും അസ്വസ്ഥരായി. ആദ്യം ഒരു കുട്ടിയും പിന്നാലെ ഒന്നിലേറെ കുട്ടികളും ഛർദ്ദിച്ചു. അതോടെ അധ്യാപകരും നാട്ടുകാരുമെത്തി കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മഴക്കാലത്ത് ചില സമയങ്ങളിൽ കടൽക്കാറ്റ് ഏറ്റാൽ തലകറക്കം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുട്ടികൾക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും എങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷമേ ആശുപത്രിയിൽനിന്ന് വിടുകയുള്ളൂവെന്നും ജില്ലാ ആശുപത്രിയിലെത്തിയ ഡി.എം.ഒ. ഡോ. എ.വി.രാംദാസ് അറിയിച്ചു.