ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉൾപ്പടെ 50 പേർക്കെതിരെ കേസ്


എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചുകയറിയതിനെതിരെ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ച കേസിൽ‍ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ എന്നിവരുൾപ്പടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചുകയറാനും ശ്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട്‌ 4.45ഓടെയായിരുന്നു സംഭവം. 

രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന്‌ നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന്‌ സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്‌ച്ചതോടെയാണ്‌ പ്രവർത്തകർ പിന്തിരിഞ്ഞത്‌.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവർത്തകർ വഴിതിരിഞ്ഞ്‌ കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക്‌ എത്തി കല്ലെറിയുകയായിരുന്നു.

You might also like

Most Viewed