നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് നടൻ സിദ്ദിഖിന്റെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്ത്. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൻറെ മൊഴിയെടുത്തത്. ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. ദിലീപിൻറെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്.
ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടൻറെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. നേരത്തേ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ’, എന്ന് ചോദിച്ച് സിദ്ദിഖ് പരിഹസിച്ചത് വലിയ വിവാദമായിരുന്നു.