സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്നാ സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ പറയുന്നു.
ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്ആര്‍ടിഎസിന്‍റെ ലെറ്റര്‍ പാഡിലാണ് സ്വപ്ന കത്തെഴുതിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപങ്ക് വഹിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്. അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത്.
താന്‍ ഈ കേസില്‍ ബലിയാടായെന്നും 16 മാസം ജയിലില്‍ കിടക്കേണ്ടി വന്നെന്നും കത്തില്‍ പറയുന്നു. തനിക്ക് പിന്നീട് ഇവരില്‍ നിന്ന് ഒരു സഹായവും ഉണ്ടായില്ല. എന്നാല്‍ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും സമൂഹത്തില്‍ യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നു.
രാജ്യാന്തര ഗൂഡാലോചനയുള്ള കേസാണിത്. കേസില്‍ പ്രധാനമന്ത്രി ഇടപെടണം. താന്‍ വലിയ രീതിയില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും കത്തില്‍ ആവശ്യമുയര്‍ത്തുന്നുണ്ട്.
കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്‍റെ പേരില്‍ തനിക്കും എച്ച്ആര്‍ടിഎസിനും എതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും കേസുകള്‍ എടുക്കുകയാണെന്നും സ്വപ്നയുടെ കത്തില്‍ പറയുന്നു.