ലോഹങ്ങൾ പൂശിയ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ‍ ക്ലിഫ് ഹൗസിൽ‍ എത്തിച്ചു; ദുബൈ സന്ദർശനത്തിനിടെ കറൻസി കടത്തി; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്


വിദേശത്തേക്ക് പണം കടത്തിയതിൽ‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർ‍ശനത്തിനിടെ കറൻ‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയിൽ‍ രഹസ്യമൊഴി നൽ‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ‍ക്കും ഓഫീസിനും ഇതിൽ‍ പങ്കുണ്ടെന്നും മൊഴി നൽ‍കി.  സി.എം. രവീന്ദ്രന്‍, കെ.ടി. ജലീൽ‍, നളിനി നെറ്റോ എന്നിവരെക്കുറിച്ചും മൊഴി നൽ‍കി. എറണാകുളം മജിസ്ട്രേറ്റ് കോ‌ടതിയിലാണ് മൊഴി നൽകിയത്

മുഖ്യമന്ത്രി ഒരു ബാഗ് മറന്നതായി എം ശിവശങ്കർ‍ അറിയിച്ചു. ബാഗിൽ‍ കറൻസിയെന്ന് സ്‌കാനിംഗിൽ‍ ബോധ്യപ്പെട്ടു. ശിവശങ്കറിന്‍റെ നിർ‍ദ്ദേശപ്രകാരം ബാഗ് ദുബായിൽ‍ എത്തിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി.  കൂ‌ടാതെ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ‍ ക്ലിഫ് ഹൗസിൽ‍ എത്തിച്ചു. പാത്രങ്ങളിൽ‍ ഭാരമുള്ള ലോഹങ്ങൾ‍ ഉണ്ടായിരുന്നതായും സ്വപ്ന സംശയം ഉന്നയിച്ചു. 

തന്‍റെ ജീവൻ ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം കോടതിയിൽ‍ നൽ‍കിയ മൊഴിയുടെ കൂടുതൽ‍ വിശദാംശങ്ങൾ‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ  നേരിട്ടുള്ള  ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.

You might also like

Most Viewed