ആനി മസ്‌ക്രീനോട് അനാദരവ് കാണിച്ചു; ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷൻ

സാമൂഹിക പരിഷ്‌കർത്താവും ഇന്ത്യൻ ഭരണഘടന ശിൽപികളിലൊരാളുമായ ആനി മസ്‌ക്രീന്റെ ജന്മദിനത്തിൽ തിരുവനന്തപുരം കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനും അനാദരവ് കാണിച്ചെന്ന് ആരോപണം. ആനി മസ്‌ക്രീന്റെ പ്രതിമയിൽ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഹാരാർപ്പണം നടത്തി മേയർ അവഹേളിച്ചെന്ന് കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷനും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും ആരോപിച്ചു.
ആനി മസ്‌ക്രീന്റെ ജന്മദിനമായ ജൂൺ ആറിന് കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷ നടപടികൾ നടന്നിരുന്നു. ഇതിനിടെയാണ് കോർപ്പറേഷന്റെയും മേയറുടെയും ഭാഗത്ത് നിന്നും അവഹേളനപരമായ നടപടിയുണ്ടായതെന്ന് സംഘടനകൾ ആരോപിച്ചു. ഇത്തരത്തിലൊരു അനാദരവ് ഉണ്ടാവാൻ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറയണമെന്നും കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷനും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും ആവശ്യപ്പെട്ടു.