സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ


പട്ടാപ്പകൽ‍ നടന്ന മോഷണക്കേസിലെ പ്രതി പിടിയിലായി. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പരിയങ്ങാട് തടയിൽ  പുനത്തിൽ പ്രകാശന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് മകനായ സിനീഷാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽനിന്നും 30,000 രൂപ എടുത്ത് ഇയാൾ വാഹനത്തിന്‍റെ കടം വീട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ലെന്ന് അറിഞ്ഞ്, മാതാപിതാക്കൾ‍  ജോലിക്ക് പോയ സമയത്ത് വീണ്ടും മോഷണം നടത്തുകയായിരുന്നു. 

ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന ശേഷമായിരുന്നു മോഷണം. പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്‍റേതിനേക്കാൾ വലിയ ഷൂ ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി ആ പൊടിയിൽ മനഃപ്പൂർവ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോൾ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. മാവൂർ ഇൻസ്പെക്ടർ വിനോദൻ, എസ്.ഐമാരായ മഹേഷ് കുമാർ, പുഷ്പ ചന്ദ്രൻ, എഎസ്ഐ സജീഷ്, എസ്‍സിപിഒ അസീസ്, സിപിഒമാരായ ലിജു ലാൽ, ലാലിജ് ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed