പൊതുഭരണ വകുപ്പിൽ ഓഫീസ് അറ്റൻഡർമാരെ ഒഴിവാക്കാൻ നീക്കം


സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം സെക്‌ഷനുകളിലും ഓഫീസ് അറ്റൻഡർമാരെ ഒഴിവാക്കാൻ പൊതുഭരണ വകുപ്പിൽ നീക്കം തുടങ്ങി. ഇ−ഓഫീസ് നിലവിൽ വന്നതോടെ ഫയലുകൾ ചുമക്കാൻ ആളെ വേണ്ടെന്നു വിലയിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയുള്ള നടപടി. 1500 മുതൽ 2000 വരെ ഓഫീസ് അറ്റൻഡർമാരാണ് വിവിധ സെക്‌ഷനുകളിലായി ഉള്ളത്.

വിവിധ സെക്‌ഷനുകളിലുള്ള അറ്റൻഡർമാരെ ഒന്നാംഘട്ട ഡിസ്‌പോസിംഗ് ഓഫീസർമാരുടെയും (അണ്ടർ സെക്രട്ടറിമാർ) അതിനു മുകളിലുള്ള ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പുനർവിന്യസിക്കാൻ അനൗദ്യോഗിക നിർദ്ദേശം നൽകി. ഇതോടെ അറ്റൻഡർ തസ്തിക ഇല്ലാതാവുകയാണ്. 

മറ്റ് സർക്കാർ ഓഫീസുകളിലും വൈകാതെ ഇത് നടപ്പിലാക്കേണ്ടിവരും. പുനർവിന്യസിക്കപ്പെടുന്ന അറ്റൻഡർമാർ ബന്ധപ്പെട്ട ഓഫീസറുടെ നിയന്ത്രണത്തിൽ വരുന്ന സെക്‌ഷനുകളിലെ ജോലികൾ നിർവ്വഹിക്കണം. ക്രമീകരണം നടത്തിക്കൊണ്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും.

അറ്റൻഡർമാർ ഇനിയുണ്ടാവുക അധികജോലിയോ പ്രത്യേക ജോലിയോ ഉള്ള സെക്‌ഷനുകളിൽ മാത്രമായിരിക്കും. ഓഫീസ് സെക്‌ഷൻ, റെക്കാഡ്സ് സെക്‌ഷൻ, പാർലമെന്റ് സെക്‌ഷൻ എന്നിവയാണിവ. മറ്റേതെങ്കിലും സെക്‌ഷനുകളിലോ ഓഫീസുകളിലോ അറ്റൻഡർമാരെ വേണമെങ്കിൽ ആവശ്യകത, ജോലിയുടെ സ്വഭാവം എന്നിവ സഹിതം മൂന്നു ദിവസത്തിനകം പൊതുഭരണ വകുപ്പിനെ അറിയിക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed