പ്രവാസിയുടെ കൊലപാതകം; മൂന്ന് പേർ പിടിയിൽ; മുഖ്യപ്രതി യഹിയ


വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവത്തിൽ മുഖ്യപ്രതി പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്ന് പോലീസ്. അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. ശേഷം ഇയാൾ മുങ്ങുകയും ചെയ്തു. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൾ ജലീൽ (42) ആണ് മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയ തന്നെയാണ് അബ്ദുൾ ജലീലിനെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുൾ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പോയി. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. 

കഴിഞ്ഞ 15ാം തിയതി ജിദ്ദയിൽ നിന്ന് എത്തുമെന്നാണ് അബ്ദുൾ ജലീൽ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാൻ വീട്ടുകാർ നെടുന്പാശേരിയിലേക്ക് പോവാനിരുന്നപ്പോൾ അബ്ദുൾ ജലീൽ താൻ വീട്ടിലെത്തുമെന്നും സ്വീകരിക്കാൻ വരേണ്ടെന്നും പറഞ്ഞു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലെത്തിയില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ അബ്ദുൾ ജലീൽ കുടുംബത്തെ ഫോണിൽ വിളിക്കുകയും പരാതി പിൻവലിക്കണം, താൻ വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. വീട്ടുകാർ ഇന്ന് പരാതി പിൻവലിക്കാനിരിക്കെയാണ് അബ്ദുൾ ജലീൽ ആശുപത്രിയിലാണെന്ന് യഹിയ ഫോണിൽ വിളിച്ച് പറയുന്നത്.

You might also like

Most Viewed