മുഖ്യമന്ത്രിക്കെതിരായ പരാമർ‍ശം; കെ സുധാകരനെതിരെ കേസ്


മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർ‍ശത്തിൽ‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിൽ‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നൽ‍കിയ ഡിവൈഎഫ്‌ഐ പ്രവർ‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമർ‍ശനവുമായി കെ സുധാകരൻ‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർ‍ത്തനമെന്ന് കണ്ണൂർ‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയിൽ‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയിൽ‍ വന്നിരിക്കുന്നതെന്നും സുധാകരൻ പ്രസ്താവിച്ചു.

മുഖ്യമന്ത്രിയെ ആരും കാര്യങ്ങൾ‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാൻ ആരുമില്ലെന്നും കെപിസിസി അധ്യക്ഷൻ വിമർ‍ശിച്ചു. കെ. സുധാകരൻ പറഞ്ഞത് ഹാലിളകിയത് ഞങ്ങൾ‍ക്കല്ല. ഹാലിളകിയത് അദ്ദേഹത്തിനാണ്. വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓർ‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ‍ അദ്ദേഹം ചങ്ങലയിൽ‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയിൽ‍ നിന്ന് പൊട്ടിയാൽ‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്? എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാൻ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞുമനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങൾ‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങൾ‍ക്ക് അർ‍ഹതപ്പെട്ടതേ ഞങ്ങൾ‍ ചോദിക്കുന്നുള്ളൂ. അർ‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.

You might also like

Most Viewed