പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്'; മുന്നണി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാളും സാബു ജേക്കബും


കേരളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 പാര്‍ട്ടിയും. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന മുന്നണി രൂപീകരിച്ചതായി സാബു ജേക്കബും ആംആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും അറിയിച്ചു. ഡല്‍ഹിയിലും പഞ്ചാബിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയില്‍ കെജ്രിവാള്‍ പറഞ്ഞു.തെരഞ്ഞെടുപ്പിലെ പഞ്ചാബ്, ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ പ്രസംഗം ആരംഭിച്ചത്. ഡല്‍ഹിയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ്. അത് കേരളത്തിലും സാധ്യമാണ്. ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. ആംആദ്മി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കെജ്രിവാള്‍ ചോദിച്ചു.

താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണ്. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.ശനിയാഴ്ച വൈകുന്നേരമാണ് കെജ്രിവാള്‍ സംസ്ഥാനത്ത് എത്തിയത്. രാവിലെ നടന്ന ആംആദ്മി സംസ്ഥാന സമിതി യോഗത്തിലും കെജരിവാള്‍ പങ്കെടുത്തു. ശേഷമാണ് കിഴക്കമ്പലത്ത് എത്തിയത്.

You might also like

  • Straight Forward

Most Viewed