മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ

മഞ്ചേരിയിൽ നഗരസഭാ കൗണ്‍സിലർ അബ്ദുൽ ജലീലിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. കൊലപാതകത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയ ഷുഹെെബിനെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മൂന്ന് പ്രതികൾ പിടിയിലായി. കേസിലെ പ്രതികളായ രണ്ടുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പാർക്കിങ്ങിനെച്ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മുഖ്യ പ്രതിയായ ഷുഹൈബിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചന നൽകിയിരുന്നു. നെല്ലിക്കുത്ത് സ്വദേശിയായ ഷംസീർ, മഞ്ചേരി സ്വദേശിയായ മജീദ് എന്നിവരെയാണ് പൊലീസ് നേരത്തെ പിടികൂടിയത്. മഞ്ചേരി സ്വദേശികളായ അബ്ദുൾ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. പിന്നീട് അറസ്റ്റ് ചെയ്ത മജീദിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെല്ലിക്കുത്ത് സ്വദേശിയായ ഷംസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അബ്ദുൾ ജലീൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് കൗണ്‍സിലർ സഞ്ചരിച്ച വാഹനത്തിന് വഴി കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അബ്ദുൽ ജലീലിന് നേരെ ആക്രമണം നടന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയോട്ടി തകർന്ന അബ്ദുൾ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമായിക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.