അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു; നാട്ടുകാർ റോഡ് ഉപരോധിച്ചു
അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വെറ്റിലപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. നിരന്തരമായി ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്ന് അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. റോഡിലൂടെ ഒരു വാഹനവും കടത്തി വിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ഉപരോധം. മാളയിൽ ഉള്ള കുട്ടി അമ്മ വീടായ വെറ്റിലപ്പാറയിലെത്തിയപ്പോഴാണ് അപകടമണ്ടായത്. പുറത്ത് നിന്നുള്ളവർക്കു പോലും യാതൊരു സുരക്ഷയുമില്ലെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല ഒരു റാപിഡ് ആക്ഷൻ ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട് എന്നാൽ ഇവിടെ നിന്ന് 35 കിലോമീറ്റർ അകലെ ചാലക്കുടിയിൽ ഉള്ള റാപിഡ് ആക്ഷൻ ഫോഴ്‌സിനു ഇവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ പെട്ടന്ന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.
അതിരപ്പള്ളിയിൽ വിനോദസഞ്ചാരത്തിനായി വരുന്നവർ ഈ വഴി വരരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തിങ്കളാഴ്ചെയാണ് അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. പുത്തൻചിറ സ്വദേശി നിഖിലിന്‍റെ മകൾ ആഗ്നെലിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിഖിലിനേയും ഭാര്യാപിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


